കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് തങ്ങളുടെ ജനപ്രിയ വനിതാ കേന്ദ്രീകൃത പോളിസിയായ സ്റ്റാര്‍ വിമണ്‍ കെയറില്‍ സറഗസി, അണ്ഡദാന പരിരക്ഷകള്‍ അധിക പ്രീമിയമില്ലാതെ ലഭ്യമാക്കും. അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ചികില്‍സയിലെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ കൂട്ടിച്ചേര്‍ക്കലാണിത്. സറഗേറ്റീവ് അമ്മമാര്‍ക്ക് പ്രസവ ശേഷമുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് 36 മാസ കാലയളവില്‍ ആശുപത്രി ചികില്‍സയ്ക്കുളള പരിരക്ഷ ലഭ്യമാകും.
ഇതിനു പുറമെ അണ്ഡദാതാവിനുള്ള പരിരക്ഷയും സ്റ്റാര്‍ ഹെല്‍ത്ത് ലഭ്യമാക്കുന്നുണ്ട്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ചികില്‍സയ്ക്കു ശേഷം 12 മാസത്തേക്ക് ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ക്കാണ് ആശുപത്രിയില്‍ കിടത്തി ചികില്‍സയ്ക്ക് പരിരക്ഷ ലഭ്യമാക്കുന്നത്. ചികില്‍സ അല്ലെങ്കില്‍ പ്രൊസീഡിയര്‍ ആരംഭിക്കുന്നതു സംബന്ധിച്ച് അറിയിപ്പു നല്‍കുന്ന തീയ്യതി മുതലാവും സറഗസി പരിരക്ഷ ആരംഭിക്കുക.
വനിതകളുടെ ആരോഗ്യത്തിലും ക്ഷേമത്തിലുമുള്ള തങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് ഈ കൂട്ടിച്ചേര്‍ക്കലുകളിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.