മണ്ണിൽ പുതഞ്ഞയാളെ സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നു

വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‍കരം. നിരവധി പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മരിച്ചത് 96 പേരാണെന്നാണ് സ്ഥിരീകരിച്ചത്. അതിനിടെ ചെളിയില്‍ പുതഞ്ഞയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. മുണ്ടക്കൈ യുപി സ്‍കൂളിനു സമീപത്താണ് ഇയാള്‍ ചെളിയില്‍ ആഴ്‍ന്നുപോയത്. ഒരാള്‍ ചെളിയില്‍ ആഴ്‍ന്നുപോകുന്നതിന്റെ സങ്കടകരമായ ദൃശ്യങ്ങള്‍ ജനപ്രതിനിധിയാണ് ഏഷ്യാനെറ്റ് ന്യൂസിന് അയച്ചുതന്നത്. ഉടൻ ഏഷ്യാനെറ്റ് ന്യൂസ് ആ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‍തു. നാട്ടുകാര്‍ക്ക് രക്ഷപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും വളരെ സാഹസികമായിട്ടായിരുന്നു. രണ്ട് മണിക്കൂറോളം എടുത്തു രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇയാളുടെ അടുത്തെത്താൻ. അല്‍പ സമയം മുമ്പ് രക്ഷപ്പെടുത്തി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലുമാണ്. ഇയാള്‍ക്ക് നിരവധി പരുക്കുകളും ഏറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരും വിലാസവുമടക്കം തിരിച്ചറിഞ്ഞിട്ടില്ല.

വയനാട് കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. രക്ഷാദൗത്യക്കാരെ കാത്ത് ഒട്ടേറേ പേര്‍ ദുരന്ത ഭൂമിയില്‍ കുടുങ്ങിക്കിടപ്പുണ്ട്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്‍ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്.

ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് . ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി  8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.

Read More: മഴയ്ക്കൊപ്പം ചൂരൽമലയിൽ കനത്ത മൂടൽമഞ്ഞും, മരണസംഖ്യ 96 ആയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin