സംപൂജ്യനായെങ്കിലും സഞ്ജുവിനെ ഒഴിവാക്കില്ല! മൂന്നാം ടി20യില്‍ കളിപ്പിക്കുമെന്നുള്ള സൂചന നല്കി സൂര്യ
കൊളംബൊ: ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20 ആദ്യ പന്തില്‍ പുറത്തായെങ്കിലും മലയാളി താരം സഞ്ജു സാംസണ് മൂന്നാം ടി20 മത്സരത്തിനുള്ള ടീമിലും നിലനിര്‍ത്തിയേക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. മത്സരശേഷം സംസാരിക്കുകയായിരുന്നു സൂര്യ. മഹീഷ് തീക്ഷണയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു ഇന്നലെ കളിച്ചത്. ലഭിച്ച അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. എങ്കിലും ഇന്ത്യ ജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.
സൂര്യയുടെ വാക്കുകള്‍… ”ഞങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് ബ്രാന്‍ഡിനെ കുറിച്ച് നേരത്തെ സംസാരിച്ചതാണ്. ചെറിയ വിജയലക്ഷ്യമാണെങ്കില്‍ പോലും അതിന് മാറ്റമുണ്ടാവില്ല. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണ് ലക്ഷ്യം. 160നടുത്തുള്ള വിജയലക്ഷ്യം ചെറിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. മഴ പെയ്തത് സഹായിച്ചു. എല്ലാവരും നല്ല രീതിയില്‍ ബാറ്റ് ചെയ്തു. അടുത്ത മത്സരത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്കുന്ന കാര്യം പരിഗണിക്കും.” സൂര്യ മത്സരശേഷം പറഞ്ഞു. സൂര്യയുടെ വാക്കുകള്‍ കണക്കിലെടുത്താല്‍ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചേക്കും.
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. പല്ലെകെലേ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 162 റണ്‍സ് വിജയക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിച്ചു. ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. 30 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 26 റണ്‍സെടുത്തു. ഇനി ഒരു മത്സരം കൂടിയാണ് ശേഷിക്കുന്നത്.