ആളിക്കത്തിയ അവസാന സെക്കന്റുകൾ, മെദീനയുടെ ഗോളിൽ സമനില പിടിച്ചുവാങ്ങി തടിതപ്പി അർജന്റീന
പാരിസ്: പാരിസ് ഒളിമ്പിക്സ് ഫുട്ബോളിൽ മൊറോക്കെതിരെ സമനില വഴങ്ങി ലോകചാമ്പ്യന്മാരായ അർജന്റീന. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. 17 മിനിറ്റ് നീണ്ട ഇൻജുറി സമയത്തിന്റെ അവസാന സെക്കൻഡിലാണ് അർജന്റീന സമനില ഗോൾ നേടിയത്. കോപ്പ അമേരിക്ക കിരീട നേട്ടത്തിന്റെ ആരവത്തിലാണ് അർജന്റീന എത്തിയത്. ജൂലിയൻ അൽവാരസും നിക്കോളാസ് ഓട്ടോമണ്ടിയും അടങ്ങുന്ന താരനിരയെ ഹാവിയർ മഷരാനോയാണ് പരിശീലിപ്പിക്കുന്നത്. എന്നാൽ, അർജന്റീനയെ വിറപ്പിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ആദ്യ ഗോൾ നേടി.
ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ സൂഫിയാൻ റഹിമി ആദ്യ ഗോൾ നേടി. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോൾ റഹിമി രണ്ടാം ഗോളും നേടി അർജന്റീനയെ ഞെട്ടിച്ചു. 68-ാം മിനിറ്റിൽ ജ്യൂലിയാനോ സിമിയോണി അർജന്റീനയെ ഞെട്ടിച്ചു. മത്സരം മൊറോക്കോ വിജയിക്കുമെന്ന ഘട്ടത്തിൽ അവസാന സെക്കൻഡുകളിൽ ക്രിസ്റ്റ്യൻ മെദീന (90+16) ലക്ഷ്യം കണ്ടതോടെ അർജന്റീന സമനില നേടി. മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മാർക് പ്യൂബിൽ, സെർജിയോ ഗോമസ് എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്. ഉസ്ബെസ്ക്കിസ്ഥാന്റെ ആശ്വാസ ഗോൾ എൽദോർ ഷൊമുറുദോവ് നേടി.