36000 അടി ഉയരത്തിൽ 191 യാത്രക്കാരുമായി ബോയിംഗ് വിമാനം, പെട്ടന്ന് ‘ഡെത്ത് പ്ലഞ്ച്’, 10 മിനിറ്റിൽ 26000 അടി താഴ്ചയിലേക്ക്
<p>ടോക്കിയോ: സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ജപ്പാനിൽ ബോയിങ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ‘ഡെത്ത് പ്ലഞ്ച്’ എന്ന് അറിയപ്പെടുന്ന നടപടിക്ക് പിന്നാലെയാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. 36,000 അടി ഉയരത്തിൽ പറന്ന ബോയിംഗ് 737 വിമാനം നിമിഷ നേരം കൊണ്ട് 10,000 അടി താഴേയ്ക്ക് പോകുകയായിരുന്നു.</p><p>വളരെ ഉയരത്തിൽ നിന്ന് പെട്ടെന്ന് സംഭവിക്കുന്നതോ നാടകീയമായതോ ആയ വീഴ്ചയെയാണ് ‘ഡെത്ത് പ്ലഞ്ച്’ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ജപ്പാനിൽ നടന്ന സംഭവത്തിൽ വെറും 10 മിനിറ്റിനുള്ളിൽ വിമാനം വളരെ പെട്ടെന്ന് 26,000 അടിയോളം താഴേയ്ക്ക് പോയി 10,000 അടിയിലേയ്ക്ക് എത്തുകയായിരുന്നു. സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു അപകടം ഒഴിവാക്കാനായി പൈലറ്റുമാർ ‘ഡെത്ത് പ്ലഞ്ച്’ ചെയ്തത്.</p><p>ഷാങ്ഹായിൽ നിന്ന് ടോക്കിയോയിലേക്ക് പറന്ന വിമാനമാണ് അപ്രതീക്ഷിതമായി വലിയൊരു ദുരന്തം മുന്നിൽ കണ്ടത്. ജപ്പാൻ എയർലൈൻസും അവരുടെ ഉപസ്ഥാപനമായ സ്പ്രിംഗ് ജപ്പാനും കോഡ്-ഷെയർ കരാറനുസരിച്ച് പ്രവർത്തിക്കുന്ന വിമാനത്തിലാണ് അടുത്തിടെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഈ സമയം വിമാനത്തിലുണ്ടായിരുന്ന 191 യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. മർദ്ദം കുറയുന്നത് ആളുകളുടെ ബോധം നഷ്ടമാക്കുമെന്ന ആശങ്കയിൽ ഓക്സിജൻ മാസ്കുകൾ ഉടനടി വിതരണം ചെയ്തു. ഇതിന്റെ വീഡിയോ യാത്രക്കാരിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.</p><p>ഏകദേശം 36,000 അടി ഉയരത്തിൽ നിന്ന് വെറും 10 മിനിറ്റിനുള്ളിൽ ഏകദേശം 10,000 അടിയിലേക്ക് വിമാനം അതിവേഗം താഴുകയായിരുന്നുവെന്ന് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഒസാക്കയിൽ വിമാനം സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവർക്ക് നഷ്ടപരിഹാരഹും താമസവും കമ്പനി വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>