13 വർഷത്തെ സേവനത്തിന് ശേഷം ഐപിഎസ് ഉപേക്ഷിച്ചു, ഇനി മറ്റൊരു മേഖലയിലെന്ന് അഭ്യൂഹങ്ങൾ തള്ളി സിദ്ധാർത്ഥ് കൗശൽ

ഹൈദരാബാദ്: 13 വർഷത്തെ സർവീസിന് ശേഷം ഐപിഎസ് ഓഫീസർ സിദ്ധാർത്ഥ് കൗശൽ രാജിവച്ചു. ആന്ധ്ര പ്രദേശിൽ ക്രമസമാധാന ചുമതലയിൽ ഇരിക്കെയാണ് സ്വയം വിരമിച്ചത്. വ്യക്തിപരമായ തീരുമാനം എന്നാണ് രാജിയെ കുറിച്ചുള്ള സിദ്ധാർത്ഥ് കൗശലിന്‍റെ വിശദീകരണം.

പൂർണമായും സ്വമേധയാ എടുത്ത, വ്യക്തിപരമായ കാരണങ്ങളാലുള്ള തീരുമാനം എന്നാണ് സിദ്ധാർത്ഥ് കൗശലിന്‍റെ പ്രതികരണം. തന്റെ വിരമിക്കലിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ സമ്മർദമില്ലെന്നും അത്തരം റിപ്പോർട്ടുകൾ ശരിയല്ലെന്നും സിദ്ധാർത്ഥ് കൗശൽ പ്രതികരിച്ചു. ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

2012 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് സിദ്ധാർത്ഥ് കൗശൽ. കൃഷ്ണ, പ്രകാശം എന്നീ ജില്ലകളിൽ പൊലീസ് സൂപ്രണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ആന്ധ്ര പ്രദേശിൽ ഇൻസ്പെക്ടർ ജനറൽ (ക്രമസമാധാനം) ആയും പ്രവർത്തിച്ചു. ഐപിഎസ് കാലം തന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ യാത്രയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

”ഈ സംസ്ഥാനം എപ്പോഴും എന്‍റെ വീടായിരുന്നു. ഇവിടുത്തെ ജനങ്ങളോടുള്ള സ്നേഹം എന്നെന്നും ഉള്ളിലുണ്ടാവും. മുന്നോട്ടുള്ള യാത്രയിൽ ലക്ഷ്യബോധത്തോടും വ്യക്തതയോടും കൂടിയാണ് ഈ തീരുമാനം എടുത്തത്. വരും വർഷങ്ങളിൽ മറ്റ് വഴികളിൽ സമൂഹത്തിന് സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി ആസ്ഥാനമായുള്ള ഒരു കോർപ്പറേറ്റ് റോളിൽ സ്വകാര്യ മേഖലയിലേക്ക് സിദ്ധാർത്ഥ് കൗശൽ മാറുമെന്നാണ് സൂചന. പോസ്റ്റിംഗ് കാലതാമസം, സസ്പെൻഷൻ, സ്ഥലം മാറ്റങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാൽ ഐപിഎസ് മേഖലയിൽ അസംതൃപ്തി വളരുന്നതായി സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു.