മറൈനേഴ്സ് ക്ലബ് ആലപ്പി, ആലപ്പുഴക്കാരായ നാവിക ഉദ്യോഗസ്ഥര്‍ക്കായി ഒരു കൂട്ടായ്മ!

<p>ആലപ്പുഴ: ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കമ്പനികളില്‍ ജോലിചെയ്യുന്ന ആലപ്പുഴക്കാരായ നാവിക ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. നാവികരംഗത്തെ തൊഴില്‍ സാദ്ധ്യതകള്‍ സാധാരണക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മറൈനേഴ്സ് ക്ലബ് ആലപ്പി (എം.സി.എ) എന്ന പേരില്‍ സംഘടന രൂപീകൃതമായത്. വിഴിഞ്ഞം പോര്‍ട്ടിലെ സീനിയര്‍ പൈലറ്റുമാരായ ക്യാപ്ടന്‍ നിര്‍മ്മല്‍ സഖറിയ, ക്യാപ്റ്റന്‍ സിബി ഫ്രാന്‍സിസ് എന്നിവര്‍ അടക്കം 250 ഓളം അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.</p><p>നാവികരംഗത്തെ വെല്ലുവിളികള്‍ നേരിടുക, നാവികര്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുക, കരിയര്‍ ഗൈഡന്‍സ് നടത്തുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. സാമൂഹിക ഉടപെടലുകളുടെ ഭാഗമായി സംഘടന ആലപ്പുഴ ജില്ലയിലെ നാല് സ്‌കൂളുകളിലെ 100 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. ജൂണ്‍ 25ന് നടന്ന ഇന്റര്‍നാഷണല്‍ സീഫേറേഴ്സ് ദിനാചരണ പരിപാടിയില്‍ ആലപ്പുഴ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ജിസ്മോന്‍ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നാവികരംഗത്തെ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് ഇപ്പോള്‍ സംഘടന. അടിയന്തിര സാഹചര്യങ്ങളില്‍ ആലപ്പുഴ ജില്ലയിലെ നാവികര്‍ക്കും കുടുംബാംഗങ്ങള്‍ക്ക് പ്രയോജനമാവുന്ന വിധത്തില്‍ സംഘടനയുടെ മുന്‍കൈയില്‍ 75-1025-1800 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.</p><p>ബിജോയ് മൈക്കിളാണ് സംഘടനയുടെ പ്രസിഡന്റ്. വിജയ് ജോണ്‍ സെക്രട്ടറിയും കിഷോര്‍ ബാബു ട്രഷററുമാണ്.</p>

By admin