ബജറ്റ് 835 കോടി, ഇതാ രണ്‍ബീറിന്‍റെ ശ്രീരാമനും യഷിന്‍റെ രാവണനും; ‘രാമായണ’ ആദ്യ വീഡിയോ പുറത്ത്

<p>ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് രാമായണ. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ സംവിധാനം നിതേഷ് തിവാരിയാണ്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനും കന്നഡ താരം യഷ് രാവണനുമാവുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്‍കര്‍ നേടിയ വിഎഫ്എക്സ് സ്റ്റുഡിയോ ഡിനെഗ്, യഷിന്‍റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ രാമായണ: ദി ഇന്‍ട്രൊഡക്ഷന്‍ എന്ന പേരില്‍ ചിത്രത്തിന്‍റെ ആദ്യ പ്രൊമോ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.</p><p>3.03 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്‍ബീറിന്‍റെ ശ്രീരാമന്‍റെയും യഷിന്‍റെ രാവണന്‍റെയും ഫസ്റ്റ് ഗ്ലിംപ്‍സ് ഉണ്ട്. കാന്‍വാസിന്‍റെ വലിപ്പവും നിതേഷ് തിവാരിയുടെ വിഷനും എന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് വീഡിയോ. സായ് പല്ലവിയാണ് സീതയുടെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നത്. രവി ദുബേ ലക്ഷ്മണനാവുമ്പോള്‍ സണ്ണി ഡിയോള്‍ ഹനുമാനായി എത്തും. ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്‍റെ രചന. ഓസ്‍കറും ബാഫ്റ്റയും ഗ്രാമിയുമൊക്കെ നേടിയിട്ടുള്ള ലോകപ്രശസ്ത സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‍മാനും ചേര്‍ന്നാണ് രാമായണയുടെ സംഗീതം ഒരുക്കുന്നത്. ഹാന്‍സ് സിമ്മര്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.</p><p>ദില്ലി, ബെംഗളൂരു, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, കൊച്ചി എന്നിവിടങ്ങളിലായാണ് വീഡിയോ പ്രീമിയര്‍ ചെയ്തത്. 100 മില്യണ്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. അതായത് 835 കോടി രൂപ. ഐമാക്സിനുവേണ്ടി ചിത്രീകരിക്കുന്ന സിനിമ രണ്ട് ഭാഗങ്ങളിലായാണ് എത്തുന്നത്. ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പ്രദര്‍ശനത്തിനെത്തും. ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കൊപ്പം ആഗോള പ്രേക്ഷകരെയും ലക്ഷ്യമിട്ടാവും ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുക.</p><p></p>

By admin