ടെസ്റ്റ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിയുമായി ഗില്‍, പിന്തുണയുമായി സുന്ദര്‍; ഇംഗ്ലണ്ടിനെതിരെ 500 കടന്ന് ഇന്ത്യ

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കന്നി ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ കുതിക്കുന്നു. രണ്ടാം ദിനം 310-5 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സെന്ന നിലയിലാണ്. 222 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സോടെ വാഷിംഗ്‌ടണ്‍ സുന്ദറും ക്രീസില്‍. 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ജോഷ് ടങ് ആണ് ജഡേജയെ മടക്കിയത്.

രണ്ടാം ദിനം ലഞ്ചിനുശേഷമുള്ള രണ്ടാം സെഷനിലാണ് ഗില്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. 311 പന്തില്‍ 21 ഫോറും രണ്ട് സിക്സും പറത്തിയാണ് ഗില്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വിരാട് കോലിക്ക് ശേഷം വിദേശത്ത് ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവും ഗില്‍ ഇന്ന് സ്വന്തമാക്കി. ഇന്ത്യക്കായി ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ നായകനാണ് 25കാരനായ ഗില്‍.1964ല്‍ 23 വയസില്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറി നേടിയ മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയാണ് ഏറ്റവും പ്രായം കുറഞ്ഞ നായകന്‍.

LET’S RELIVE THE HISTORIC MOMENT. - Shubman Gill, the first Asian captain to score a 200 in SENA Tests.pic.twitter.com/FLHzJqNNtK

— Mufaddal Vohra (@mufaddal_vohra) July 3, 2025

310-5 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അര്‍ധസെഞ്ചുറി തികച്ച രവീന്ദ്ര ജഡേജയുടെയും ഗില്ലിന്‍റെയും ബാറ്റിംഗ് മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ് ലഞ്ചിന് പിരിഞ്ഞത്. 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആറാം വിക്കറ്റില്‍ 203 റണ്‍സാണ് ഗില്‍-ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്തത്.

രണ്ടാം ദിനം ന്യൂബോളില്‍ വിക്കറ്റെടുക്കാമെന്ന ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ഗില്ലും ജഡേജയും ക്രീസിലുറച്ചത്. ഇന്നലെ 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ-ഗില്‍ സഖ്യം ഇന്ന് 100 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 400 കടത്തി. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നതോടെ ഇന്ത്യ അനായാസം മുന്നേറി. 80 പന്തില്‍ രവീന്ദ്ര ജഡേജ ടെസ്റ്റിലെ 23-ാം അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ഇന്നലെ 114 റണ്‍സുമായി ക്രീസ് വിട്ട ഗില്‍ 263 പന്തില്‍ 150 പിന്നിട്ട് ടെസ്റ്റിലെ തന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ചു. ഷൊയ്ബ് ബഷീറിന്‍റെ ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയ ജഡേജയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 400 കടത്തി.

എന്നാല്‍ ആദ്യസെഷന്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ജോഷ് ടങിന്‍റെ ബൗണ്‍സറില്‍ ജഡേജ വീണു. 137 പന്തില്‍ 89 റണ്‍സെടുത്ത ജഡേജ പത്ത് ഫോറും ഒരു സിക്സും പറത്തിയാണ് പുറത്തായത്. ഇന്നലെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 87 റണ്‍സെടുത്തപ്പോള്‍ കരുണ്‍ നായര്‍ 31ഉം റിഷഭ് പന്ത് 25ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. കെ എൽ രാഹുല്‍(2), നിതീഷ് കുമാര്‍ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin