അച്ഛൻ മകളെ കൊന്നതെന്തിന്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, കാരണം എയ്ഞ്ചൽ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കം

ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.

സംഭവ സമയത്ത് ഏയ്ഞ്ചലിന്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചലിന്റെ കൊലപാതകം വീട്ടിലെ അംഗങ്ങൾക്കും അറിയാമായിരുന്നു. പേടിച്ച കുടുംബം വിവരം പുറത്ത് പറയാതെ സാധാരണ മരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും.

രാവിലെ വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ടാണ് നാട്ടുകാർ 28 കാരിയായ എയ്ഞ്ചൽ ജാസ്മിന്റെ മരണവിവരം അറിയുന്നത്. വീട്ടുകാർ പറഞ്ഞത് പോലെ സ്വാഭാവിക മരണമെന്നാണ് എല്ലാവരും കരുതിയിയിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ നടത്തിയ പൊലീസിന് സംശയം തോന്നി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ ഡോക്ടർമാരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അച്ഛൻ ജോസ്‌മോൻ കുറ്റം സമ്മതിച്ചു. വഴക്കിനിടെ മകളുടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും സമ്മതിച്ചു. ഓട്ടോ ഡ്രൈവറായ ജോസ്‌മോൻ സെക്യൂരിറ്റി തൊഴിലും ചെയ്യാറുണ്ട്. കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിൻ ലാബ് ടെക്നീഷ്യൻ ആണ്. ഭർത്താവുമായി പിണങ്ങി കുറച്ചുനാളായി സ്വന്തം വീട്ടിലാണ് എയ്ഞ്ചൽ കഴിയുന്നത്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനെ ചൊല്ലി അച്ഛനും മകളും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.