ഖത്തർ വ്യോമപാത അടച്ച സംഭവം; കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി തിരിച്ചുവിട്ടു

മലപ്പുറം: സിറ്റിംഗ് സീറ്റ് നിലനിർത്താനായി അരയും തലയും മുറുക്കിയാണ് ഇടതു മുന്നണിയും സി പി എമ്മും വിശേഷാ മുഖ്യമന്ത്രി പിണറായി വിജയനും നിലമ്പൂരിലെത്തിയത്. സഹയാത്രികനും സൈബർ പോരാളിയായുമൊക്കെ സി പി എമ്മിന്‍റെ ജിഹ്വയായി പ്രവർത്തിച്ചിരുന്ന പി വി അൻവർ പടിയിറങ്ങിയതിന്‍റെ ക്ഷീണം തീർക്കുക മാത്രമായിരുന്നില്ല മുഖ്യമന്ത്രിയും പാർട്ടിയും ലക്ഷ്യമിട്ടത്. നിലമ്പൂർ നിലനിർത്തിയാൽ അത് 2026 ൽ തുടർ ഭരണം ഉറപ്പ് എന്ന സന്ദേശം നൽകാമെന്നും കണക്കുകൂട്ടി. എന്നാൽ ആ പ്രതീക്ഷകളൊക്കെയും ആര്യാടൻ ഷൗക്കത്തിലൂടെ മലർത്തിയടിച്ചപ്പോൾ ഭരണ വിരുദ്ധ വികാരമെന്ന ബാനറാണ് യു ഡി എഫ് നിലമ്പൂരിലൂടെ കേരളത്തിന്‍റെ ആകാശത്തിലുയർത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സിറ്റിങ് സീറ്റിൽ രണ്ടാം തവണയാണ് ഒരു ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി പരാജയമേറ്റുവാങ്ങിയത് എന്നതും നിലമ്പൂർ ഫലത്തിന്‍റെ പ്രസക്തിയേറ്റുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് ആദ്യത്തേതും. 2019ൽ അരൂരിൽ ഷാനിമോൾ ഉസ്മാനോട് സിപിഎം സ്ഥാനാര്‍ത്ഥി മനു സി പുളിക്കൽ തോറ്റതാണ് ആദ്യത്തേത്.

2016 മുതലുള്ള ‘പിണറായിക്കാലത്ത്’ കേരളം കണ്ടത് 13 ഉപതെരഞ്ഞെടുപ്പുകളാണ്. ഒന്നാം പിണറായി സർക്കാർ എട്ടും രണ്ടാം പിണറായി സർക്കാർ 5 ഉം ഉപതെരഞ്ഞെടുപ്പുകൾ നേരിട്ടു. 8 ൽ നാല് വിജയവും 4 പരാജയവുമായിരുന്നു ആദ്യ ഭരണകാലത്ത് പിണറായി സർക്കാരിന്‍റെ സമ്പാദ്യം. 2017 ൽ വേങ്ങരയിലായിരുന്നു ആദ്യ വെല്ലുവിളി. കെ എൻ എ ഖാദറിലൂടെ യു ഡി എഫ് ‘കോട്ട’ നിലനിർത്തിയെങ്കിലും അത് ഇടത് സർക്കാരിന് ക്ഷീണമായില്ല. 2018 ൽ ചെങ്ങന്നൂരിൽ സജി ചെറിയാനിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. യു ഡി എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത് പിണറായിക്കും പാർട്ടിക്കും നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. 2019 ൽ ആദ്യം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ എം സി കമറുദ്ദീൻ യു ഡി എഫ് സീറ്റ് നിലനിർത്തി. പിന്നാലെയെത്തിയ പാലാ ഉപതെരഞ്ഞെടുപ്പാകട്ടെ മാണി സി കാപ്പനിലൂടെ ഇടതിന്‍റെ അട്ടിമറിയാണ് കണ്ടത്. വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെയും കോന്നിയിൽ കെ യു ജനീഷ് കുമാറിലൂടെയും യു ഡി എഫിന്‍റെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തതും ഒന്നാം പിണറായി സർക്കാരിന് മുതൽക്കൂട്ടായി. എറണാകുളത്ത് ടി ജെ വിനോദ് സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയെങ്കിലും അത് ഇടത് പക്ഷത്തിന് വലിയ ക്ഷീണമായില്ല. ഉപതിരഞ്ഞെടുപ്പുകളിലായി നാല് സീറ്റ് യു ഡിഎഫിൽ നിന്ന് പിടിച്ചെടുത്തതിന്‍റെ ആവേശത്തിൽ കൂടിയായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിന് നേരിട്ടത്.

99 സീറ്റ് നേടി അധികാരത്തുടർച്ച നേടിയ പിണറായി സർക്കാരിന് രണ്ടാം ഭരണകാലത്ത് ഉപതിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആദ്യം തന്നെ തൃക്കാക്കരയിൽ ഉമ തോമസിലൂടെ യു ഡി എഫ് വിജയം കൊയ്തു. പിന്നാലെ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും കനത്ത പ്രഹരം ഏൽപ്പിച്ചു. ചേലക്കരയിൽ യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്തിയെങ്കിലും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ നിന്നേറ്റ പരാജയം കനത്തതായിരുന്നു. അങ്ങനെ 3 തോൽവിയും ഒരു വിജയവുമെന്ന നിലയിൽ ഉപതെരഞ്ഞെടുപ്പ് കാലം അവസാനിക്കുമെന്ന് കരുതവെയാണ് പി വി അൻവറിന്‍റെ രൂപത്തിൽ നിലമ്പൂർ പരീക്ഷണമെത്തിയത്. ഇക്കാലയളവിലൊന്നും സിറ്റിംഗ് സീറ്റിൽ പരാജയപ്പെട്ടിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയെ തന്നെ കളത്തിലിറക്കിയത്.

വ്യക്തിപ്രഭാവമുള്ള യുവ നേതാവ്, മികച്ച യുവ വാഗ്മി, നിലപാടുകളുടെ രാജകുമാരൻ, അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള എം സ്വരാജിലൂടെ മണ്ഡലം നിലനിർത്താമെന്ന് കരുതി. പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷ വച്ച് വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. എസ് എഫ് ഐ – ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിക്കായി അരയും തലയും മുറുക്കിയിറങ്ങാൻ സി പി എം യുവതലമുറക്കും നിമിഷനേരം പോലും വേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എൽ ഡി എഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. അങ്ങനെ നിലമ്പൂരിൽ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടം തിളച്ചുമറിഞ്ഞു. രാഷ്ട്രീയ പോരാട്ടത്തിൽ സ്വരാജല്ലാതെ മറ്റാര് ജയിക്കാൻ എന്ന വിശ്വാസമായിരുന്നു ഇടത് പക്ഷത്തിനും സഹയാത്രികർക്കും സാംസ്കാരിക പ്രമുഖർക്കും. എന്നാൽ നിലമ്പൂർ ജനത കരുതിവച്ചത് ‘പിണറായിക്കാലത്ത്’ സിറ്റിംഗ് സീറ്റിലെ ആദ്യ പരാജയമായിരുന്നു.

ഭരണവിരുദ്ധ വികാരമെന്ന സൂചനയാണ് നിലമ്പൂർ ഫലം നൽകുന്നതെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷത്തെ ഓരോ നേതാക്കളും അണികളും പി വി അൻവറുമെല്ലാം ഇക്കാര്യം ചെണ്ടകൊട്ടി പാടുകയാണ്. പിണറായിസത്തിനെതിരായ വികാരമാണ് നിലമ്പൂരിലൂടെ കേരളം വരച്ചുകാട്ടിയതെന്നാണ് കവലകളിൽ അവർ വിളിച്ചുപറയുന്നത്. 2026 ന്‍റെ സൂചനയാണെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നുണ്ട്. എന്തായാലും ബാക്കിയെല്ലാം കാത്തിരുന്ന് കാണേണ്ടിവരും.