500 കോടി പടം,എട്ടുനിലയില്‍ പൊട്ടി, മകനോട് പോലും ക്ഷമ ചോദിച്ച സെയ്ഫ്; വിവാദമായപ്പോള്‍ വിശദീകരണം !
മുംബൈ:‘ആദിപുരുഷ്’ സിനിമ കാണിക്കേണ്ടി വന്നതില്‍ മകന്‍ തൈമൂറിനോട് ക്ഷമാപണം നടത്തിയതായി പറഞ്ഞ ക്ലിപ്പ് വൈറലായതിന് പിന്നാലെ നടന്‍ സെയ്ഫ് അലി ഖാന്‍ വിവാദത്തിലായിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ ഒരു വീഡിയോയിൽ നിന്നുള്ള ഒരു ക്ലിപ്പ് പുറത്തുവന്നതിനെത്തുടർന്നാണ് സെയ്ഫ് അലി ഖാൻ പുതിയ വിവാദത്തിലായത്.
വീഡിയോയിൽ, ‘ജുവൽ തീഫ്’ സഹതാരം ജയ്ദീപ് അഹ്ലാവത്തുമായി സെയ്ഫ് നടത്തിയ സംഭാഷണത്തില്‍, തൈമൂർ ആദിപുരുഷ് സിനിമ കാണുന്ന സമയത്ത് തന്നെയൊരു പ്രത്യേക നോട്ടം നോക്കിയെന്ന് പരാമർശിക്കുകയും ചെയ്തു. ഇതോടെ സെയ്ഫ് അലി ഖാന്‍റെ മകന് പോലും ചിത്രം ഇഷ്ടപ്പെട്ടില്ലെന്ന തരത്തില്‍ വ്യാഖ്യാനം വന്നതോടെയാണ് സെയ്ഫ് ഇപ്പോൾ ഒരു വിശദീകരണവുമായി രംഗത്ത് എത്തിയത്.
“സിനിമയിലെ ദുഷ്ടനായ വില്ലന്‍ റോള്‍ ചെയ്തതിനാണ് ഞാന്‍ മകന്‍ തൈമൂറിനോട് ക്ഷമ ചോദിച്ചത്. ഞാൻ മുരളുകയും കണ്ണിൽ കാണുന്ന എല്ലാവരെയും തകർക്കുകയും ചെയ്യുന്ന റോള്‍ ചെയ്തത് മകന് ഇഷ്ടമായില്ല. അടുത്ത തവണ അച്ഛന്‍ നായകനാകണമെന്ന് തൈമൂര്‍ പറഞ്ഞു. ഞാന്‍ ചെയ്ത എല്ലാ സിനിമകള്‍ക്കൊപ്പവും ഞാന്‍ ഉറച്ചുനിൽക്കും, ഈ സിനിമയുടെ കാര്യത്തിലും വ്യത്യസ്തമല്ല” സെയ്ഫ് അലി ഖാന്‍ ഒരു പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ അഹ്ലാവത്തിനോട് സംസാരിക്കുമ്പോള്‍, ‘ആദിപുരുഷ്’ കാണാൻ നിർബന്ധിച്ചതിന് തൈമൂറിനോട് ക്ഷമാപണം നടത്തിയതായി താരം സമ്മതിച്ചിരുന്നു. എന്നിരുന്നാലും, ‘ആദിപുരുഷ്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം കണ്ടതിന് ശേഷം തൈമൂര്‍ എന്നെ ഒരു പ്രത്യേക നോട്ടം നോക്കി എന്നും താരം പറഞ്ഞു.
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് രാമായണത്തിന്റെ പുനരാഖ്യാനമാണ്. രാവണനെ അടിസ്ഥാനമാക്കിയുള്ള ലങ്കേഷ് എന്ന കഥാപാത്രത്തെ സെയ്ഫ് അലി ഖാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചു. രാമനായി പ്രഭാസും സീതയായി കൃതി സനോണും വേഷമിട്ടു. 500 കോടിയോളം മുടക്കി എടുത്ത ചിത്രം എന്നാല്‍ തീയറ്ററില്‍ വലിയ പരാജയം ആയിരുന്നു. ഒപ്പം വലിയ വിവാദങ്ങളും ചിത്രം ഉണ്ടാക്കിയിരുന്നു.
അതേസമയം, സെയ്ഫ് അവസാനമായി അഭിനയിച്ചത് ‘ജുവൽ തീഫ്’ എന്ന ചിത്രത്തിലാണ്. ജയ്ദീപ് അഹ്ലാവത്, നികിത ദത്ത, കുനാൽ കപൂർ എന്നിവര്‍ ഈ ചിത്രത്തിലുണ്ട്. ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ വന്ന പ്രതികരണം അനുസരിച്ച് ചിത്രത്തിന് സമിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്.