സ്വപ്ന മണ്ണിലേക്ക് വീണ്ടും മെസിയും സംഘവും; നവംബർ വരെ കാത്തിരിക്കണം, റിപ്പോർട്ട് ചെയ്ത് സ്പാനിഷ് മാധ്യമങ്ങൾ
ദോഹ: അർജന്റീന ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ വീണ്ടും പന്തു തട്ടാനായി ലയണൽ മെസിയും സംഘവും എത്തുമെന്ന് റിപ്പോർട്ട് ചെയ്ത് സ്പാനിഷ് മാധ്യമങ്ങൾ. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ ആഫ്രിക്ക, ഏഷ്യൻ വൻകരകളിൽ സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തുന്ന ലയണൽ മെസിയും സംഘവും നവംബറിൽ ഖത്തറിൽ കളിക്കുമെന്നാണ് വാർത്തകൾ.
2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സരങ്ങളുടെ ഷെഡ്യൂളിൽ ഖത്തറും ഉണ്ടെന്നാണ് അർജന്റീനയിലെയും തെക്കൻമേരിക്കയിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തുവന്നില്ലെങ്കിലും ടീമുമായി ബന്ധപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകരും വിവിധ സ്പാനിഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നവംബറിൽ അംഗോളയിലും ഖത്തറിലുമായി അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ടീമുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവർത്തകൻ ഗാസ്റ്റൻ എഡുൽ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. അംഗോളയുടെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് നവംബറിൽ ടീം അവിടെ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. നവംബറിൽ തന്നെ ഖത്തറിലും കളിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഒക്ടോബറിൽ ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ സംബന്ധിച്ച ചർച്ചയും സജീവമാണെന്നും എഡുൽ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം സെപ്റ്റംബറോടെ തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.