മലപ്പുറം: പത്മശ്രീ കെ.വി. റാബിയ (59) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ‍യായിരുന്നു അന്ത്യം. മലപ്പുറം വെള്ളിലക്കാട് സ്വദേശിയാണ്.
സമൂഹത്തിനാകെ മാതൃകയായ ജീവിതമായിരുന്നു റാബിയായുടേത്. 14 വയസിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് റാബിയക്ക് പഠനം നിർത്തേണ്ടി വന്നു. ജനിച്ചു വളർന്ന മലപ്പുറം ജില്ലയിലെ വെള്ളിലക്കാട് ഗ്രാമത്തിൽ നിന്ന് തിരൂരങ്ങാടിയിലുള്ള പി.എസ്.എം.ഒ കോളജിലേക്ക് അധികം ദൂരമില്ലെങ്കിലും യാത്ര ഒരു പ്രശ്നം തന്നെയായിരുന്നു റാബിയക്ക്.
കാലുകളുടെ ശക്തി പോളിയോ കവർന്നെടുത്തിരുന്നതിനാൽ തുടർച്ചയായി നടക്കാൻ കഴിയുമായിരുന്നില്ല. അൽപം നടന്നാൽ സഹപാഠികളുടെയോ പരിചയക്കാരുടെയോ വീടുകളിൽ വിശ്രമിക്കണം. പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഇതായിരുന്നു സ്ഥിതി. പാടുപെട്ടാണ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. സഹപാഠികളും അധ്യാപകരും കോളജിലെ ജീവനക്കാരും തുണച്ചതു കൊണ്ടുമാത്രമാണ് രണ്ടു വർഷം പഠിക്കാനായത്.
പഠിപ്പു നിർത്തിയ ശേഷം പത്ത്, പതിനാറ് വർഷം റാബിയ വീട്ടിൽ നിന്നു പുറത്തു പോയതേയില്ല. പുസ്തകങ്ങളായിരുന്നു കൂട്ട്. തനിക്കറിയാവുന്ന വിഷയങ്ങൾ കുട്ടികളെ പഠിപ്പിച്ചു. ട്യൂഷൻ ക്ലാസുകൾ തുടങ്ങി. വീൽചെയറിലിരുന്ന് സ്കൂൾ വിദ്യാർഥികൾക്കും പ്രീഡിഗ്രിക്കാർക്കും ക്ലാസെടുത്തു. താൻ പഠിപ്പിച്ച കുട്ടികൾ സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിവരം നാട്ടിലുള്ളവർ അറിഞ്ഞു തുടങ്ങിയപ്പോൾ അധ്യാപകരും രക്ഷിതാക്കളും ബന്ധുക്കളും അയൽക്കാരുമെല്ലാം റാബിയയെ കാണാൻ എത്തിത്തുടങ്ങി. അങ്ങനെ റാബിയ എല്ലാവരുടെയും ‘റാബിയാത്ത’യായി.
ശരീരം തളർന്ന് വീട്ടിൽ ഒതുങ്ങി കൂടിയ റാബിയയെ പിന്നീട് നാടറിയുന്നത് സാക്ഷരതാ യജ്ഞ കാലത്താണ്. 1990കളിൽ നൂറോളം വരുന്ന മുതിർന്നവർക്ക് അക്ഷരം പകർന്നു നൽകി സംസ്ഥാന സർക്കാറിന്‍റെ സാക്ഷരതാ യജ്ഞത്തിന്‍റെ ഭാഗമായി. സാക്ഷരതാ യജ്ഞത്തെ ജനകീയമാക്കാൻ റാബിയായുടെ ഇടപെടൽ സഹായിച്ചു.
തുടർന്ന് റാബിയ സാക്ഷരതാ യജ്ഞത്തിന്‍റെ മുഖമായി മാറി. ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ സ്കൂളുകൾ, സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള സ്ഥാപനം, ‘ചലനം’ എന്ന സംഘടന എന്നിവയുടെ രൂപീകരണത്തിന് പ്രധാന പങ്ക് വഹിച്ചു. അക്ഷരഹൃദയം, മൗനനൊമ്പരങ്ങൾ, സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾക്ക് 2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. കേന്ദ്ര സർക്കാറിന്‍റെ ദേശീയ യുവ പുരസ്കാരം, സ്ത്രീശക്തി പുരസ്കാരം, ജെ.സി.ഐയുടെ അന്താരാഷ്ട്ര പുരസ്കാരം അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed