പുലർച്ചെ 2 മണി, വിളിക്കാത്ത വിവാഹത്തിനെത്തിയ യുവാവ് മദ്യം ചോദിച്ചു, പുറത്താക്കി; പിന്നാലെ അക്രമം

കോഴിക്കോട്: പന്നിയങ്കരയിൽ വിവാഹ വീട്ടിൽ മദ്യം ചോദിച്ചെത്തിയ യുവാവിൻ്റെ പരാക്രമം. ചക്കുംകടവ് സ്വദേശി മുബീനാണ് വീട്ടിൽ ഉണ്ടായിരുന്ന വരന്‍റെ സുഹൃത്തിനെ ആക്രമിച്ചത്. പരിക്കേറ്റ ഇൻസാഫ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.

പന്നിയങ്കര സ്വദേശി വിഷ്ണുവിൻ്റെതായിരുന്നു വിവാഹം. പുലർച്ചെ രണ്ട് മണിയോടെ മുബീൻ അതിക്രമിച്ച് വിഷ്ണുവിൻ്റെ വീടിനുള്ളിലേക്ക് കയറി മദ്യം ചോദിച്ചു. വിഷ്ണു സുഹൃത്തുകളുടെ സഹായത്തോടെ മുബീനെ വീട്ടിൽ നിന്ന് പിടിച്ചു മാറ്റി. എന്നാൽ മുബീൻ വീണ്ടും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. 

കല്യാണപ്പുരയ്ക്ക് അടുത്തുള്ള റോഡിൽ വച്ചാണ് മുബീൻ ഇൻസാഫിനെ ആക്രമിച്ചത്. ബാർബർ ഷോപ്പിലെ കത്തി കൊണ്ടായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ വിഷ്ണുവും മറ്റു സുഹൃത്തുകളും ചേർന്നാണ് ഇൻസാഫിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിനു ശേഷം മുബീൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പന്നിയങ്കര പൊലീസ് അന്വേഷണം തുടങ്ങി.

ബാർ അടച്ച ശേഷമെത്തി, മദ്യം നൽകിയില്ല; ജീവനക്കാരനെ കുത്തി മൂന്നംഗ സംഘം

ആലുവയിൽ ബാർ ജീവനക്കാരനെ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിച്ചു. മഹിളാലയം കവലയിലെ പാർക്ക് ആർഡക് ബാറിലെ ജീവനക്കാരൻ ഗണേശനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ എത്തിയ മൂന്നംഗ സംഘത്തോട് ബാറിന്റെ പ്രവർത്തന സമയം കഴിഞ്ഞെന്നും പുറത്ത് ഇറങ്ങണമെന്നും ഗണേശൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗണേശനെ ഇവർ ആക്രമിച്ചത്. ശ്രീമൂലനഗരം സ്വദേശികളായ മഹേഷ്, സജിത്, തിരുവല്ല സ്വദേശി ഷിന്‍റു എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. കുത്തേറ്റ ബാര്‍ ജീവനക്കാരന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറയുന്നു.

By admin