ടയറ് പഞ്ചറായി പോയതോടെ പെട്ട്! ആംബുലൻസ് അടിച്ചോണ്ട് പോകുന്നതിനിടെ വന്ന പണി, സിസിടിവി ദൃശ്യങ്ങളും പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചിതറ- പാങ്ങോട് റോഡിൽ ചിതറ ഗവ. ഹൈസ്കൂളിന് മുന്നിലാണ് വാഹനം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട് പനവൂർ പി ആർ ഹോസ്പിറ്റിലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസ് മോഷ്ടിച്ചത്. രണ്ട് യുവാക്കളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
സമീപത്ത് ഉണ്ടായിരുന്ന ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ആംബുലൻസ് കൊണ്ട് പോകുന്നതിനിടെ ടയർ പഞ്ചറായതിനാൽ പ്രതികൾ ഉപേഷിച്ച് കടന്നു കളയുകയായിരുന്നു. പനവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്ത കെഎംവൈഎഫ് എന്ന സംഘടനയുടെ ആംബുലൻസാണ് കടത്തികൊണ്ട് പോകാൻ ശ്രമിച്ചത്. താക്കോൽ വണ്ടിയിൽ തന്നെ വെച്ചിരിക്കുകയായിരുന്നു. കടയ്ക്കൽ -ചിതറയിൽ എത്തിയപ്പോൾ ടയർ പഞ്ചറായി. ഇതോടെ വാഹനം അവിടെ ഉപേക്ഷിച്ചു മോഷ്ടാക്കൾ കടന്നു കളഞ്ഞു