ഇന്ത്യയിലെ ട്രെയിനിൽ 15 മണിക്കൂർ യാത്ര, ശ്വാസകോശം തകരാറിലായെന്ന് യുഎസ് വ്ളോഗർ; വീഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനം
ഇന്ത്യയിലെ 15 മണിക്കൂർ നീണ്ട ട്രെയിൻ യാത്രയ്ക്ക് ശേഷം കടുത്ത ശ്വാസകോശ അണുബാധയുണ്ടായി ചികിത്സയിലാണെന്ന് യുഎസ് ട്രാവൽ വ്ലോഗർ. ഇന്ത്യയിൽ സ്ലീപ്പർ ക്ലാസ് ട്രെയിനിൽ യാത്ര ചെയ്തതിനെ തുടർന്ന് താൻ ഗുരുതരാവസ്ഥയിലായതായി മിസോറി സ്വദേശിയായ നിക്ക് മഡോക്ക് ആരോപിച്ചു. ഓക്സിജൻ മാസ്ക് ധരിച്ച് ആശുപത്രി കിടക്കയിൽ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ പരാമർശമുള്ളത്.
എട്ട് വർഷമായി ലോകം ചുറ്റി സഞ്ചരിക്കുന്ന ട്രാവൽ വ്ളോഗറാണ് മഡോക്ക്. ട്രെയിൻ യാത്രയുടെ അനുഭവം എന്തെന്നറിയാൻ രണ്ട് പേർ തന്നോട് പറഞ്ഞു. എന്നാൽ ഇനി ഒരിക്കലും താൻ ട്രെയിനി യാത്ര ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനിനുള്ളിലെ വൃത്തികെട്ട ടോയ്‌ലറ്റ് ദൃശ്യവും അദ്ദേഹം പങ്കുവച്ചു.
“ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു. അവിടെ ഊഷ്മളതയുള്ള ഉദാരമതികളായ ആളുകണ്ട്.അനന്തമായ പ്രകൃതിഭംഗിയുണ്ട്. സമ്പന്നവും പവിത്രവുമായ ഒരു ചരിത്രവുമുണ്ട്. എന്നാൽ വാരണാസിയിൽ നിന്ന് ന്യൂ ജൽപൈഗുരിയിലേക്കുള്ള 15 മണിക്കൂർ സെക്കന്‍റ് ക്ലാസ് എസി ട്രെയിൻ യാത്ര എന്റെ 6 വർഷത്തെ യാത്രയിൽ ഞാൻ കണ്ട ഏറ്റവും വൃത്തികെട്ട കാര്യങ്ങളിലൊന്നാണ്”- നിക്ക് മഡോക്ക് പറഞ്ഞു.
ട്രെയിൻ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അത് 15 മണിക്കൂർ യാത്രയാണെന്ന് പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ഭൂട്ടാനിൽ വച്ച് ഗുരുതരമായ ശ്വാസകോശ അണുബാധ കണ്ടെത്തി. ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണം കാണാം. ചിലർ മഡോക്കിനോട് സഹതാപം പ്രകടിപ്പിച്ചു. നിർഭാഗ്യകരമായ അനുഭവമെന്ന് പ്രതികരിച്ചു. അതേസമയം ചിലർ അദ്ദേഹത്തെ വിമർശിച്ചു. രാജ്യത്തെ കുറിച്ച് തെറ്റായ ചിത്രം ലോകത്തിന് നൽകുകയാണെന്നാണ് വിമർശനം.ഒരു രാജ്യത്തെ മുഴുവനായി അപകീർത്തിപ്പെടുത്തി ലൈക്കുകൾ നേടാൻ ശ്രമിക്കുകയാണെന്നും വിമർശനം ഉയർന്നു.