19 ലക്ഷത്തിന്‍റെ റോളക്സ് വാച്ച് ഷൂബോക്സിൽ മറന്നുവെച്ചു, സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് ഒരു സ്ത്രീയെ, പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിൽ വിലകൂടിയ ഒരു റോളക്സ് വാച്ച് മോഷ്ടിച്ച മുപ്പതുകാരിയെ ഹവല്ലിയിലെ ഡിറ്റക്ടീവുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റോളക്സ് വാച്ച് മോഷ്ടിച്ച്, അതിന്റെ യഥാർത്ഥ വിലയെക്കുറിച്ച് അറിയാത്ത ഒരു സുഹൃത്തിന് വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റതായി അവർ സമ്മതിച്ചു. 1989 ൽ ജനിച്ച ഒരു കുവൈത്തി പൗരൻ തന്‍റെ 7,200 ദിനാര്‍ (19 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന റോളക്സ് വാച്ച് അപ്പാർട്ട്മെന്‍റിന് സമീപമുള്ള ഒരു ഷൂബോക്സിൽ അബദ്ധത്തിൽ മറന്നുവയ്ക്കുകയായിരുന്നു.
വാച്ച് നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് യുവാവ് അപ്പാർട്ട്മെന്‍റ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു സ്ത്രീ വാച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ 1990ൽ ജനിച്ച പ്രതിയായ സ്ത്രീയെ തിരിച്ചറിഞ്ഞ് പിടികൂടി. ചോദ്യം ചെയ്യലിൽ, അവർ കുറ്റം സമ്മതിക്കുകയും ഒരു സുഹൃത്തിന് വെറും 5,000 കുവൈത്തി ദിനാറിന് വിറ്റതായി വെളിപ്പെടുത്തുകയും ചെയ്തു.