ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ആരംഭിച്ചു

റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു. ഹജ്ജ് വിസ ലഭിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അവിടങ്ങളിൽ വെച്ച് തന്നെയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അതതിടങ്ങളലെ ഹജ്ജ് സർവിസ് കമ്പനികൾ വഴി വിതരണം ചെയ്യുന്നത്. 

ഒന്നര ലക്ഷത്തിലധികം കാർഡുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പ്രതിദിനം 70,000 കാർഡുകൾ വരെ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കിവരുന്നത്. തീർഥാടകരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും യാത്രക്കും സഞ്ചാരത്തിനും ‘നുസ്‌ക്’ കാർഡ് നിർബന്ധമാണ്. ഹജ്ജ് വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകൾ വഴിയാണ് വിദേശികൾക്ക് കാർഡ് വിതരണം നടത്തുന്നത്. 

Read Also –  ഹജ്ജ് തീർഥാടകർക്ക് വിമാന ടിക്കറ്റിനൊപ്പം മക്കയ്ക്കും മദീനക്കുമിടയിലെ ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം

ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നൽകിയതിന് ശേഷം സർവിസ് കമ്പനികൾ വഴിയാണ് നുസ്‌ക് കാർഡ് ലഭിക്കുക. ഹജ്ജ് പ്രദേശങ്ങളിൽ അംഗീകൃത തീർഥാടകരെ വേർതിരിച്ചറിയാൻ വേണ്ടി കഴിഞ്ഞ വർഷം മുതലാണ് ഈ കാർഡ് സംവിധാനം നടപ്പാക്കിയത്. ‘നുസ്‌ക്’, ‘തവക്കൽനാ’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിൽ ഈ ഔദ്യോഗിക തിരിച്ചറിയൽ കാർഡിെൻറ ഡിജിറ്റൽ കോപ്പി ലഭ്യമാകും. മക്കയിലെയും മദീനയിലെയും തീർഥാടകരുടെ സമഗ്ര വിവരങ്ങളും സർവിസ് കമ്പനിയുമായി ബന്ധപ്പെടാവുന്ന ഫോൺ നമ്പറും കാർഡുകളിൽ അടങ്ങിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin