സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിൽ ആണ് ഭിന്നത. സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. കെ എൻ അശോക് കുമാറിനെയാണ് നീക്കിയത്. തീരുമാനത്തിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ നിന്ന് അശോക് കുമാറും മറ്റു മൂന്നുപേരും ഇറങ്ങിപ്പോയി. എകെജി സെന്ററിൽ ആയിരുന്നു ഇന്ന് സംസ്ഥാന കൗൺസിൽ യോഗം. ജനറൽ സെക്രട്ടറിക്ക് പകരം സെക്രട്ടറിമാർ ചുമതല നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹണി യോഗത്തെ അറിയിച്ചു. നാലുമാസമായി ജനറൽ സെക്രട്ടറി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. 

ഇതിനിടെ, സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ  സംഘടന  പിണറായി ദി ലജൻഡ് എന്ന പേരിൽ ലക്ഷങ്ങൾ ചെലവിട്ട് ഡോക്യുമെന്‍ററി  നിർമ്മിക്കുന്നു. സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് നേതാവിനെ ഇതിഹാസമായി വാഴ്ചത്തി ഡോക്യുമെന്‍ററി എത്തുന്നത്. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ്. നേമം സ്വദേശിയാണ് സംവിധായകൻ. 

നേതാവിന്‍റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള  സമ്മാനമായാണ്  സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസസിയേഷൻ  ഡോക്യുമെന്‍ററി ഒരുക്കുന്നത്. നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ കേ‌ൾപ്പിക്കാൻ തയ്യാറാക്കിയ വാഴ്ത്ത് പാട്ട് വിവാദമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin