‘ഷണ്മുഖന്’ തൊട്ടുപിന്നാലെ തിയറ്ററുകളിലേക്ക് ആ മോഹന്‍ലാല്‍ കഥാപാത്രം!തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ ജനപ്രീതിയുമായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് അത്രയും പോസിറ്റീവ് അഭിപ്രായം വന്നാല്‍ തിയറ്ററുകളില്‍ സംഭവിക്കുന്നത് എന്ത് എന്നതിന്‍റെ ഏറ്റവും പുതിയ തെളിവ് ആയിരിക്കുകയാണ് ചിത്രം. വെറും ആറ് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തതും അവധിക്കാലം ആയതിനാലും ചിത്രത്തിന്‍റെ ഫൈനല്‍ ​ഗ്രോസ് എത്രയെന്നത് പ്രവചിക്കാന്‍ ആവാത്ത സ്ഥിതിയാണ് നിലവില്‍. മോഹന്‍ലാലിന്‍റേതായി നിലവില്‍ ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമ സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം ആണ്. എന്നാല്‍ തുടരുമിന് ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം അതല്ല. മറിച്ച് അതൊരു റീ റിലീസ് ആണ്.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലത്തിന്‍റെ രചനയില്‍ 2007 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആക്ഷന്‍ കോമഡി ​ഗണത്തില്‍ പെടുന്ന ഒന്നാണ്. അന്‍വര്‍ റഷീദും മോഹന്‍ലാലും ഒരുമിച്ച ഒരേയൊരു ചിത്രം റിലീസ് സമയത്തും പില്‍ക്കാലത്തും ലാല്‍ ആരാധകര്‍ ആഘോഷിച്ച ഒന്നാണ്. ഇന്നും ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനങ്ങള്‍ പലയിടത്തും സംഘടിപ്പിക്കാറുണ്ട്. ചിത്രം റീ റിലീസ് ചെയ്യണമെന്ന ആവശ്യം ഏറെക്കാലമായി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. അതിനാണ് ഇപ്പോള്‍ പരിഹാരം ആവുന്നത്.

ചിത്രത്തിന്‍റെ റീ റിലീസ് തീയതിയെക്കുറിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്. ഏതാനും ദിവസം മുന്‍പ് ചിത്രത്തിന്‍റ നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജു ദിവസം കണ്‍ഫേം ചെയ്തിട്ടുമുണ്ട്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായി ആവും ചിത്രം തിയറ്ററുകളിലേക്ക് വീണ്ടും എത്തുക.

മലയാളത്തിലെ ആക്ഷന്‍ കോമഡി സിനിമകളില്‍ വേറിട്ട ഒന്നാണ് ഛോട്ടോ മുംബൈ. കോമഡിയും ആക്ഷനും ഡാന്‍സും റൊമാന്‍സും സൗഹൃദവും ഒക്കെയായി മോഹന്‍ലാല്‍ കളം നിറഞ്ഞ ചിത്രം കൂടിയാണിത്. തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin