വീട്ടിൽ ഇഴജന്തുക്കളുടെ ശല്യമുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ
വീട്ടിൽ പൂന്തോട്ടം ഒരുക്കുമ്പോൾ അവിടേക്ക് കീടങ്ങളും ഇഴജന്തുക്കളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
വീടിനുള്ളിലാണെങ്കിലും പുറത്താണെങ്കിലും അവയെ തുരത്തേണ്ടത് പ്രധാനമാണ്. ഇഴജന്തുക്കളെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ.
വൃത്തിയാക്കുക
കീടങ്ങളും ഇഴജന്തുക്കളും വരാനുള്ള പ്രധാന കാരണം വൃത്തിയില്ലാത്തത് കൊണ്ടാണ്. സാധനങ്ങൾ ശരിയായ രീതിയിൽ ക്രമീകരിക്കാതെ വാരിവലിച്ചിട്ടാലും അതിനിടയിൽ ഇഴജന്തുക്കൾക്ക് ഇരിക്കാൻ എളുപ്പമാകും. അതിനാൽ തന്നെ വീടിനകവും പുറവും എപ്പോഴും നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
കീടങ്ങളെ അകറ്റുന്ന സസ്യങ്ങൾ
കീടങ്ങളെ അകറ്റാൻ കീടനാശിനികൾ ഉപയോഗിക്കാറുണ്ട്. രാസവസ്തുക്കൾ ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്തവരാണ് നിങ്ങൾ എങ്കിൽ പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാം. ഔഷധ സസ്യങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഇതിന്റെ ഗന്ധം സഹിക്കാനാവാതെ കീടങ്ങൾ വരുന്നത് ഇല്ലാതാകുന്നു. നന്നായി നിരീക്ഷിച്ചതിന് ശേഷം നിങ്ങൾക്കാവശ്യമുള്ള സസ്യം നട്ടുപിടിപ്പിക്കാവുന്നതാണ്.
എണ്ണ
എണ്ണ, സ്പ്രേ തുടങ്ങിയവ ഉപയോഗിച്ചും കീടങ്ങളെയും പാമ്പിനെയും തുരത്താൻ സാധിക്കും. എണ്ണകളിൽ വേപ്പെണ്ണയാണ് കൂടുതൽ ഉപയോഗപ്രദം. വേപ്പെണ്ണയും വെള്ളവും ചേർത്തതിന് ശേഷം കുപ്പിയിലാക്കി ചെടികളിൽ സ്പ്രേ ചെയ്താൽ കീടങ്ങളുടെ ശല്യം ഒഴിവാക്കാൻ സാധിക്കും.
വെള്ളം കെട്ടി നിൽക്കുക
വീടിന് പുറത്ത് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാം. ഇത് ജീവികൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതുമൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും കീടങ്ങളുടെ ശല്യം വർധിക്കുകയും ചെയ്യുന്നു.
നെറ്റ്
ജീവികൾ വരാൻ സാധ്യതയുള്ള ഭാഗത്ത് നെറ്റടിച്ചാൽ ഇവയുടെ ശല്യം ഒരു പരിധിവരെ കുറക്കാൻ സാധിക്കും. ചെടികൾക്ക് ചുറ്റുമോ അല്ലെങ്കിൽ ഇവ എപ്പോഴും വരുന്ന സ്ഥലങ്ങളിലോ നെറ്റ് ഇടാവുന്നതാണ്.