വിവാദ റണ്‍ ഔട്ടിന് പിന്നാലെ ഡഗ് ഔട്ടിലെത്തി അമ്പയറോട് പൊട്ടിത്തെറിച്ച് ശുഭ്മാന്‍ ഗില്‍

ഹൈദരാബാദ്: റൺ ഔട്ടായതിനെ ചൊല്ലി അമ്പയറോട് തർക്കിച്ച് ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ. ​ഗുജറാത്ത് ഇന്നിംഗ്സിന്‍റെ 13-ാം ഓവറിലെ അവസാ പന്തിലാണ് 38 പന്തില്‍ 76 റൺസെടുത്ത ഗിൽ അനാവശ്യ റണ്ണിന് ഓടി റണ്ണൗട്ടായത്. സീഷാന്‍ അൻസാരിയുടെ പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് ജോസ് ബട്‌ലര്‍ അതിവേഗ സിംഗിളിനായി ഓടുകയായിരുന്നു. നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തും മുമ്പെ ഹര്‍ഷല്‍ പട്ടേലിന്‍റെ ത്രോ സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപിളക്കി.

എന്നാല്‍ ഫീല്‍ഡറുടെ ത്രോ കളക്ട് ചെയ്യുമ്പോള്‍ ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസന്‍റെ ഗ്ലൗസാണോ അതോ പന്താണോ സ്റ്റംപില്‍ തട്ടിയത് എന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. ടെലിവിഷൻ റീപ്ലേകളും തേര്‍ഡ് അമ്പയറെ ആശയക്കുഴപ്പത്തിലാക്കി. ഒടുവിൽ തേര്‍ഡ് അമ്പയർ ശുഭ്മൻ ​ഗിൽ ഔട്ടാണെന്ന് വിധിച്ചു.

നിരാശയോടെ ഡ​ഗ്ഔട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മാച്ച് ഒഫീഷ്യൽസുമായി ഗിൽ തർക്കത്തിലേർപ്പെട്ടത്. പിന്നീട് അഭിഷേക് ശർമയുടെ വിക്കറ്റിനെച്ചൊല്ലിയും ഗിൽ വീണ്ടും അമ്പയറുമായി പോരടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍-സായ് സുദര്‍ശന്‍ സഖ്യം 6.5 ഓവറില്‍ 87 റണ്‍സടിച്ച് തകർപ്പൻ തുടക്കമിട്ടിരുന്നു. 23 പന്തില്‍ 48 റണ്‍സടിച്ച സായ് സുദര്‍ശന്‍ പുറത്തായശേഷം 38 പന്തില്‍ 76 റണ്‍സടിച്ച ഗില്ലും 37 പന്തില്‍ 64 റണ്‍സടിച്ച ജോസ് ബട്‌ലറും ചേര്‍ന്നാണ് ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സടിച്ചപ്പോള്‍ അഭിഷേക് ശര്‍മ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയിട്ടും(41 പന്തില്‍ 74) ഹൈദരാബാദ് 38 റണ്‍സ് തോല്‍വി വഴങ്ങി. ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്നലെ അര്‍ധസെഞ്ചുറി നേടിയതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ 10 കളികളില്‍ 465 റണ്‍സുമായി നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 കളികളില്‍ 504 റണ്‍സുമായി ഒന്നാം സ്ഥാനത്തെത്തി.

By admin