വിലക്കിയിട്ടും കാമുകിയുമായി കറക്കം, ചൗമീൻ കഴിച്ചുകൊണ്ടിരുന്ന യുവാവിനേയും യുവതിയേയും മർദ്ദിച്ച് മാതാപിതാക്കൾ

കാൺപൂർ: കുടുംബം വിലക്കിയിട്ടും കാമുകിയുമായി ബന്ധം തുടർന്നതിന് മകനേയും യുവതിയേയും പരസ്യായി മർദ്ദിച്ച് മാതാപിതാക്കൾ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഗുജൈനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രാംഗോപാൽ കവലയിൽ വെച്ച്  21 കാരനായ യുവാവിനെയും 19 വയസ്സുള്ള ഇയാളുടെ കാമുകിയെയും യുവാവിന്‍റെ മാതാപിതാക്കൾ പരസ്യമായി പിടിച്ചുവെച്ച് മർദ്ദിക്കുകയായിരുന്നു.

രോഹിത് എന്ന യുവാവിനും കാമുകിക്കുമാണ് മർദ്ദനമേറ്റത്. രോഹിത്  രാംഗോപാൽ കവലയിൽ കാമുകിക്കൊപ്പം ചൗമീൻ കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അതുവഴി വന്ന രോഹിത്തിന്‍റെ മാതാപിതാക്കൾ ഇവരെ കണ്ടു. മാതാപിതാക്കൾ ഇവരുടെ ബന്ധത്തെ വിലക്കിയിരുന്നു. വീണ്ടും മകനെ കാമുകിക്കൊപ്പം കണ്ടതോടെ പ്രകോപിതരായ പിതാവ് ശിവ്കരനും മാതാവ് സുശീലയും ഇരുവരെയും പിടിച്ച് വെച്ച് മർദ്ദിക്കുകയായിരുന്നു.

ശിവ്കർ മകനെ ജനങ്ങളുടെ മുന്നിലിട്ട് ചെരിപ്പുകൊണ്ട് അടിക്കുന്നതും സുശീല പെൺകുട്ടിയെ മുടിയിൽ പിടിച്ച് വലിക്കുന്നതിന്‍റേയും മർദ്ദിക്കുന്നതിന്‍റേയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെ യുവാവും യുവതിയും ഓടി ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതും എന്നാൽ മാതാപിതാക്കൾ ഇവരെ പിടിച്ച് വെക്കുന്നതും കാണാം. യുവാവിനെ മർദ്ദിക്കുന്നത് കണ്ട് യാത്രക്കാരും പ്രദേശവാസികളും മതാപിതാക്കളെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ പൊലീസ് ഇരുവരേയും കൌൺസിലിംഗിന് വിധേയമാക്കി വീട്ടിലേക്ക് പറഞ്ഞ് വിട്ടു. 

By admin