വിന്റർ ക്യാമ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഖത്തർ പരിസ്ഥിതി മന്ത്രാലയം

ദോഹ: ഖത്തറില്‍ ആറു മാസത്തോളം നീണ്ടു നിന്ന ശൈത്യകാല ക്യാമ്പിങ് സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിങ് കേന്ദ്രങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഓഇസിസി). ഈ മാസം അവസാനത്തോടെ ക്യാമ്പിങ് സീസണ്‍ അവസാനിക്കുന്നതിനാൽ എല്ലാ ക്യാമ്പർമാരോടും കഴിയുന്നത്ര വേഗം അവരുടെ ക്യാമ്പുകൾ നീക്കം ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടു. നീക്കം ചെയ്യൽ പ്രക്രിയ പരിശോധിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പർമാരെ അവരുടെ ക്യാമ്പിങ് സൈറ്റുകൾ വൃത്തിയാക്കാനും, മാലിന്യങ്ങൾ ശേഖരിച്ച് ശരിയായ സ്ഥലങ്ങളിൽ നിക്ഷേപിക്കാനും മന്ത്രാലയം ഓർമ്മിപ്പിച്ചു. 

പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വന്യജീവി സംരക്ഷണ വകുപ്പ്, ആഭ്യന്തര സുരക്ഷാ സേനയുടെ പരിസ്ഥിതി ബ്രിഗേഡുമായി(ലെഖ്‌വിയ) ചേർന്ന് രാജ്യത്തെ എല്ലാ വിന്റർ ക്യാമ്പിംഗ് ഏരിയകളിലും കാമ്പയ്ൻ ആരംഭിച്ചിട്ടുണ്ട്. സീസൺ അവസാനിച്ചുവെന്ന് ക്യാമ്പർമാരെ അറിയിക്കുകയും ക്യാമ്പുകൾ നീക്കം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി നിയമ ലംഘനങ്ങൾ പരിശോധിക്കുകയുമാണ് അധികൃതരുടെ ലക്ഷ്യം. ഇതിലൂടെ പ്രാദേശിക ആവാസവ്യവസ്ഥ സംരക്ഷിക്കാനും ക്യാമ്പിങ് ഏരിയകൾ വൃത്തിയായും സുരക്ഷിതമായും നിലനിർത്താനും സഹായിക്കുന്നു. എല്ലാ ക്യാമ്പ് ഉടമകളും പരിസ്ഥിതി മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin