ലിസ്റ്റിന്‍റെ വിമര്‍ശനം ഏത് താരത്തിനെതിരെ? ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത നടനുള്ള താക്കീതെന്ന് സൂചന

ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ, പേര് വെളിപ്പെടുത്താതെ നടത്തിയ വിമര്‍ശനം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദിലീപിനെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ടീസര്‍ ലോഞ്ച് വേദിയിലായിരുന്നു ലിസ്റ്റിന്‍റെ വിമര്‍ശനം. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്‍റെ വാക്കുകള്‍. ആ നടന്‍ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ആ തെറ്റ് ഇനി ആവർത്തിക്കരുത്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു. ഈ താക്കീതിലൂടെ ലിസ്റ്റിന്‍ ആരെയാണ് ഉദ്ദേശിച്ചത് എന്നതിന്‍റെ സൂചനകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. 

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാള സിനിമ നാണക്കേടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലിസ്റ്റിന്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമാണോ ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയയിലും മറ്റും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രവുമായി ബന്ധപ്പെട്ട് പ്രമുഖ താരത്തിന്‍റെ നടപടിയാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന നടന്‍ ചിത്രീകരണം പൂര്‍ത്തിയാവും മുന്‍പേ മറ്റൊരു ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. നിര്‍മ്മാതാവിന്‍റെ അനുമതി വാങ്ങാതെയായിരുന്നു ഇത്. രണ്ടാമത്തെ ചിത്രത്തിന്‍റെ നിര്‍മ്മാതാവില്‍ നിന്നും ഇദ്ദേഹം അഡ്വാന്‍സ് ഇനത്തില്‍ ഒരു കോടി കൈപ്പറ്റിയതായുമാണ് വിവരം. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവിന്‍റെ അനുമതി കൂടാതെ മറ്റൊരു ചിത്രത്തില്‍ അഭിനേതാക്കള്‍ ജോയിന്‍ ചെയ്യുന്നത് സാധാരണമല്ല.

എന്നാല്‍ ഒരാഴ്ചത്തെ അവധി ലിസ്റ്റിനോട് ചോദിച്ചു എന്നാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. നടനില്‍ നിന്ന് ഈ വിഷയത്തില്‍ ഇനിയും സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. സാമ്പത്തികമായി നിലവില്‍ നേരിടുന്ന പ്രശ്നത്തെ തരണം ചെയ്യാന്‍ വേണ്ടിയാണ് അച്ചടക്കമില്ലാത്ത ഈ പ്രവര്‍ത്തിയിലേക്ക് നടന്‍ കടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. 

അതേസമയം ദിലീപിന്‍റെ കരിയറിലെ 150-ാം ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണ് ഇത്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. 

By admin