രാത്രി ഷിഫ്റ്റ് കഴിഞ്ഞെത്തിയപ്പോൾ വീട് തുറക്കുന്നില്ല, ജനലിലൂടെ നോക്കിയപ്പോൾ ഭാര്യയും 3 മക്കളും മരിച്ച നിലയിൽ

മുംബൈ: വീട്ടമ്മയെയും മൂന്ന് പെൺകുട്ടികളെയും സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറയുന്നുണ്ട്. സംഭവത്തിൽ അന്വേഷണം അരംഭിച്ചിട്ടുണ്ട്.

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനായി പോയ സ്ത്രീയുടെ ഭർത്താവ് രാവിലെ ജോലി കഴിഞ്ഞ് ഭീവണ്ടിയിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. വാതിൽ തുറക്കാത്തത് കണ്ട് പരിശോധിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി മനസിലാക്കി. ഒരു ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് ഭാര്യയും മൂന്ന് പെൺമക്കളും തൂങ്ങി മരിച്ച നിലയിൽ അദ്ദേഹം കണ്ടത്. ഉടനെ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീടിനകത്ത് കടന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. 

ആത്മഹത്യ ചെയ്താണെന്നാണ് നിഗമനം. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് നർപോളി പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ കൃഷ്ണറാവു ഖരാദെ പറഞ്ഞു. എന്നാൽ ഒരു കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ പശ്ചാത്തലം ഉൾപ്പെടെ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin