കണ്ണൂര്‍: പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് ചര്‍ച്ച നടക്കുന്നില്ലെന്ന് കെ. പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ‘കെപിസിസി അധ്യക്ഷന്‍ മാറേണ്ട സാഹചര്യമില്ല. അക്കാര്യം ഹൈക്കമാന്‍ഡ് ഇതുവരെ സൂചിപ്പിച്ചിട്ടില്ല. ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല. ഹൈക്കമാന്‍ഡ് നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും, പോകാന്‍ പറഞ്ഞാല്‍ പോകും.’ ദില്ലിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു നാല്‍പത് മിനിട്ട് നീണ്ട കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു. നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ്, പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ്, അത് കഴിഞ്ഞെത്തുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്നിങ്ങനെ പാര്‍ട്ടിയുടെ മുന്‍പിലുള്ള വെല്ലുവിളികള്‍ ചര്‍ച്ചയായി.
ട്രഷറര്‍ പദവി ഒഴിഞ്ഞു കിടക്കുന്നതടക്കംസംഘടനാ വിഷയങ്ങളിലും ചര്‍ച്ച നടന്നു. നേതൃമാറ്റത്തില്‍ കാര്യമായ ചര്‍ച്ച നടന്നിട്ടില്ലെങ്കിലും, പുന:സംഘടനയുടെ ഭാഗമായി ചില മാറ്റങ്ങളുണ്ടായേക്കാമെന്ന സൂചന നേതൃത്വം നല്‍കിയതായി അഭ്യൂഹമുണ്ട്.സുധാകരനെ മാറ്റുകയാണെങ്കില്‍ ആ പദവിയിലേക്ക് ആന്റോ ആന്റണി, സണ്ണി ജോസഫ് തുടങ്ങിയവര്‍ പരിഗണിക്കപ്പെട്ടേക്കാമന്ന വിധത്തില്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചര്‍ച്ചയുണ്ട്. മാറ്റുകയാണെങ്കില്‍, ദേശീയ തലത്തില്‍ ഏതെങ്കിലും പദവി സുധാകരന് നല്‍കിയേക്കുമെന്നും അഭ്യൂഹമുണ്ട്.