മലയാളി പുലിയാണ്! നാട്ടിലിരുന്ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് ഗ്രാൻഡ് പ്രൈസ്, നേടിയത് 57 കോടി രൂപ
അബുദാബി: മലയാളികളെ ഉൾപ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ 274-ാമത് സീരീസ് നറുക്കെടുപ്പിൽ 2.5 കോടി ദിര്‍ഹം (57 കോടി ഇന്ത്യന്‍ രൂപ ) സ്വന്തമാക്കി മലയാളിയായ താജുദ്ദീൻ അലിയാർ കുഞ്ഞ്. 306638 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സ്വപ്ന വിജയം നേടിക്കൊടുത്തത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഏപ്രിൽ 18ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ഗ്രാന്‍ഡ് പ്രൈസ് വിജയിയാണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ഇന്ത്യയിലിരുന്ന് ഇദ്ദേഹം ഓൺലൈനായി വാങ്ങിയ ടിക്കറ്റാണ് സമ്മാനം നേടിയത്.
നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും താജുദ്ദീനെ വിളിച്ചെങ്കിലും ഇദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ മറ്റ് അഞ്ച് ബോണസ് പ്രൈസുകളും ഇത്തവണത്തെ നറുക്കെടുപ്പില്‍ വിജയികള്‍ സ്വന്തമാക്കി. 150,000 ദിര്‍ഹം വീതമാണ് ഈ അഞ്ച് പേരും നേടിയത്. 126549 എന്ന ടിക്കറ്റ് നമ്പരിലൂടെ ബംഗ്ലാദേശ് സ്വദേശിയായ ഷോഹഗ് നൂറുല്‍ ഇസ്ലാം, 501800 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ കമലാസനന്‍ ഓമന റിജി, 046357 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ശിവാനന്ദന്‍ രാമഭദ്രന്‍ ശിവാനന്ദന്‍, 111977 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാന്‍ സ്വദേശിയായ ഇമ്രാന്‍ അഫ്താബ്, 403136 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ പ്രശാന്ത തോട്ടേത്തൊടി മാരപ്പ എന്നിവരാണ് ബോണസ് സമ്മാനങ്ങള്‍ സ്വന്തമാക്കിയ ഭാഗ്യശാലികള്‍. ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യക്കാരനായ വെങ്കട്ട ഗിരിബാബു വുല്ല റേഞ്ച് റോവര്‍ വേലാര്‍ സീരീസ് 17 സ്വന്തമാക്കി. 020933 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.