ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; യുവാവിന് ഇരട്ടജീവപര്യന്തവും പിഴയും വിധിച്ച് കോടതി
ഇടുക്കി: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 32 കാരന് ഇരട്ടജീവപര്യന്തവും മൂന്ന് ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി കോവിലൂർ സ്വദേശി കുരുവി എന്ന് വിളിക്കുന്ന അന്തോണിക്കാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. 2021 ആഗസ്റ്റ് നാലിനാണ് സംഭവം.
പെൺകുട്ടിയെ വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു പ്രതി. മാനസിക വളർച്ച ഇല്ലാതിരുന്ന കുട്ടി പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ പ്രതിരോധിച്ചെങ്കിലും പ്രതി കുട്ടിയെ കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു. സംസാര വൈകല്യമുള്ള കുട്ടിയുടെ ആംഗ്യഭാഷയിലുള്ള മൊഴി വീഡിയോയിൽ പൊലീസ് പകർത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടാതെ കോടതിയിലെ വിചാരണ നടപടികളും വീഡിയോയിൽ പകർത്തിയിരുന്നു എന്നത് ഈ കേസിന്റെ പ്രത്യേകതയാണ്. വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും പ്രതി മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി പ്രേത്യേകം വ്യക്തമാക്കി.
മാനസിക വളർച്ച കുറഞ്ഞ 15 വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസീക്യൂഷൻ കോടതിയിൽ വാദിച്ചു. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം. പിഴ പെൺകുട്ടിക്കു നൽകണമെന്നും കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു. 2021ൽ ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്തു അന്തിമ റിപ്പോർട്ട് ഫയൽ ചെയ്ത കേസിൽ പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.