ഫോൺ വഴി 2360 രൂപ അയച്ചുകൊടുത്തപ്പോൾ ആളുമാറിപ്പോയി; തിരിച്ചെടുക്കാൻ നോക്കിയപ്പോൾ അക്കൗണ്ട് കാലിയായി

ബംഗളുരു: ആപ്പിലൂടെ കൈമാറിയ പണം അബദ്ധത്തിൽ മറ്റൊരാൾക്ക് പോയത് തിരിച്ചെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ഒടുവിൽ നഷ്ടമായത് 84,000 രൂപ. ബംഗളുരുവിലാണ് സംഭവം. സിംഗസാന്ദ്ര സ്വദേശിയായ അധ്യാപികയാണ് പരാതിയുമായി ഇലക്ട്രോണിക്സ് സിറ്റി പൊലീസിനെ സമീപിച്ചത്. മകന്റെ അക്കൗണ്ടിലേക്ക് 2360 രൂപ ട്രാൻസ്ഫർ ചെയ്തുകൊടുക്കാൻ ശ്രമിച്ചപ്പോഴാണ് അബദ്ധം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു.

മകന് യോഗ ക്ലാസിൽ ചേരാൻ അഡ്വാൻസ് തുകയായി 2360 രൂപ അയച്ചുകൊടുത്തെങ്കിലും പണം കിട്ടിയില്ലെന്ന് പിന്നീട് മകൻ വിളിച്ച് പറഞ്ഞു. പരിശോധിച്ചപ്പോൾ മനോജ് എന്ന ഒരാൾക്കാണ് പണം അബദ്ധത്തിൽ അയക്കപ്പെട്ടതെന്ന് കണ്ടെത്തി. നേരത്തെ ഒരു ഓൺലൈൻ ടാക്സി ആപ് വഴി യാത്ര ചെയ്ത ശേഷം ഡ്രൈവർക്ക് ഓൺലൈനായി പണം നൽകിയിരുന്നു. ഇതേ അക്കൗണ്ടിലേക്കാണ് മകന് നൽകേണ്ടിയിരുന്ന തുകയും അബദ്ധത്തിൽ അയച്ചുകൊടുത്തത്. പിശക് മനസിലായ ഉടനെ തന്നെ പേയ്മെന്റ് ആപ്പിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമം നടത്തി.

ഇന്റർനെറ്റിൽ സെർച്ച് ചെയ്താണ് കസ്റ്റമർ കെയർ നമ്പർ നോക്കിയത്. കിട്ടിയ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞു. പിന്നീട് 6900867712 എന്ന നമ്പറിൽ നിന്ന് ഒരു കോൾ വന്നു. പ്രശ്നം പരിഹരിക്കാമെന്നും ഇതിനുള്ള ഡിപ്പാർട്ട്മെന്റിൽ നിന്ന് കോൾ വരുമെന്നും അറിയിച്ചു. പിന്നീട് മറ്റൊരു നമ്പറിൽ നിന്ന് കോൾ വന്നു.  പണം തിരികെ നൽകാനുള്ള നടപടികൾ വാട്സ്ആപ് വഴിയാണ് ചെയ്യുന്നെതെന്ന് പറഞ്ഞ് ഒരു ലിങ്ക് അയച്ചുകൊടുത്തു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോണിൽ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആയി.

ഇതിന് ശേഷം തട്ടിപ്പുകാർക്ക് ഫോണിന്റെ നിയന്ത്രണം ലഭിക്കുകയും വിവിധ ഇടപാടുകളിലൂടെ അക്കൗണ്ടിലുണ്ടായിരുന്ന 84,360 രൂപ തട്ടിയെടുക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ഒൻപത് മണിക്ക് നോക്കിയപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്യപ്പെട്ട് കാലിയായിരുന്നു. പിന്നീടാണ് ബാങ്കിനെ സമീപിച്ച് പരാതി നൽകിയതും പൊലീസിനെ സമീപിച്ചതും. ഐടി നിയമവും വഞ്ചനാകുറ്റവും ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin