അബുദാബി: യുഎഇയിൽ നിന്നുള്ള ഫ്ലൈറ്റിൽ യാത്രക്കാരൊടൊപ്പം പറന്ന് ഒരു ഫാൽക്കണും. അബുദാബിയിൽ നിന്നും മൊറോക്കോയിലേക്കുള്ള ഫ്ലൈറ്റിലാണ് യാത്രക്കാരോടൊപ്പം തന്നെ ഒരു ഫാൽക്കണും യാത്ര ചെയ്തത്. പ്രത്യേകം പാസ്പോർട്ടും ഫാൽക്കണിന് ഉണ്ടായിരുന്നു. യുഎഇ പൗരനാണ് താൻ വളർത്തുന്ന ഫാൽക്കണുമായി ഫ്ലൈറ്റിൽ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. വീഡിയോയിൽ തന്റെ യജമാനന്റെ കൈയിൽ ഇരിക്കുന്ന ഫാൽക്കണിനെ കാണാം. വിമാനത്താവളത്തിൽ പാസ്പോർട്ട് ഉൾപ്പടെയുള്ള എല്ലാ ഔദ്യോഗിക രേഖകളും പൂർത്തിയാക്കിയ ശേഷമാണ് ഫാൽക്കണിന് യാത്ര സൗകര്യം ഒരുക്കിയത്.
അബുദാബി വിമാനത്താവളത്തിലാണ് സംഭവം. കൈയിൽ ഫാൽക്കണുമായി എയർപോർട്ടിൽ നിൽക്കുന്ന യുഎഇ പൗരനായ ഒരാളോട് യാത്രക്കാരിൽ ഒരാളാണ് കൗതുകകരമായ കാര്യങ്ങൾ അന്വേഷിക്കാനെത്തിയത്. എന്നാൽ, ചോദ്യങ്ങൾക്കെല്ലാം തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് അദ്ദേഹം മറുപടി നൽകുന്നത്. ഇത് നമുക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടോ എന്ന സഹയാത്രക്കാരന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നൽകുകയും ഇന്ന് വിമാനത്തിൽ വളർത്തുപക്ഷികളെ തങ്ങൾക്കൊപ്പം യാത്ര ചെയ്യിക്കുന്നത് വളരെ സാധാരണമാണെന്നും അദ്ദേഹം സഹയാത്രക്കാരനെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുന്നുണ്ട്. ഫാൽക്കണിന് സ്വന്തമായി പാസ്പോർട്ട് ഉണ്ടെന്നും അതിന്റെ ബലത്തിലാണ് സഞ്ചരിക്കുന്നതെന്നും പറയുന്നുണ്ട്.
ഫാർക്കണിന്റെ ഔദ്യോഗിക രേഖയും ഉടമ വായിച്ചുകേൾപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. ഇത് ആൺ വർഗത്തിൽപ്പെടുന്ന ഫാൽക്കൺ ആണ്. സ്പെയിനിൽ നിന്നുമാണ് ഇതിനെ എത്തിച്ചിരിക്കുന്നത്. തുടങ്ങി ഇതിന്റെ ലിംഗം, എവിടെ നിന്നാണ് എത്തിച്ചത്, ഇതുവരെ ചെയ്തിട്ടുള്ള യാത്രകൾ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉടമ സഹയാത്രികനോട് പറയുന്നതും വീഡിയോയിൽ ഉണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നിമിഷങ്ങൾകൊണ്ട് വൈറലായ ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. സഹയാത്രികനോടുള്ള യുഎഇ പൗരന്റെ പെരുമാറ്റത്തെ പുകഴ്ത്തിക്കൊണ്ടാണ് ഏറെ പേരും കമന്റുകൾ ചെയ്തിരിക്കുന്നത്.