‘പിതാവുമായി ഇനി വഴക്കിടാൻ ആഗ്രഹമില്ല’; രാജകുടുംബവുമായി അനുരഞ്ജനം ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബവുമായി അനുരഞ്ജനം ആഗ്രഹിക്കുന്നുവെന്ന് വൈകാരിക അഭിമുഖത്തിൽ ഹാരി രാജകുമാരൻ. പിതാവുമായി ഇനി വഴക്കിടാൻ ആഗ്രഹമില്ലെന്നാണ് ഹാരിയുടെ തുറന്ന് പറച്ചില്‍. രാജകുടുംബാംഗത്തിനുള്ള സുരക്ഷ വേണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെയാണ് ഹാരിയുടെ മനം മാറ്റം. മേഗനെ വിവാഹം ചെയ്ത ഹാരി 2020ലാണ് ബക്കിംഗ്ഹാം കൊട്ടാരം വിട്ടിറങ്ങിയത്.  

വികാരനിർഭരമാണ് ഹാരിയുടെ അഭിമുഖം. സുരക്ഷാ പ്രശ്നത്തിലെ കേസ് കാരണം തന്റെ അച്ഛൻ തന്നോട് സംസാരിക്കാറില്ലെന്ന്  ഹാരി പരാതിപ്പെടുന്നു. ജീവിതം വിലയേറിയതാണെന്നും വഴക്കിട്ട് സമയം കളയാനില്ല, അതുകൊണ്ട് അകൽച്ച മാറ്റണം എന്നാണ് ഹാരിയുടെ അഭ്യർത്ഥന. സുരക്ഷാകാര്യത്തിലെ കേസിൽ തോറ്റ് മണിക്കൂറുകൾക്കകമാണ് ഹാരിയുടെ അഭിമുഖം. ബ്രിട്ടിഷ് രാജകുടുംബത്തിൽ നിന്ന് ഹാരിയും ഭാര്യ മേഗനും  2020ലാണ് വിട്ടുപോയത്. അന്നുമുതൽ WORKING ROYAL അല്ലാതെയായി ഹാരി. അതോടെ മറ്റ് രാജകുടുംബാംഗങ്ങൾക്കുള്ള സുരക്ഷസന്നാഹങ്ങളും നഷ്ടമായി. അതിലാണ് ഹാരി കേസുകൊടുത്തത്. പക്ഷേ തോറ്റു. ബ്രിട്ടൻ സന്ദർശിക്കുമ്പോൾ സർക്കാർ സുരക്ഷ നൽകാത്ത സ്ഥിതിക്ക് ഇനി കുടുംബത്തെ കൊണ്ടുവരുന്നത് ആലോചിക്കാൻ പോലും പറ്റില്ലെന്നാണ് ഹാരിയുടെ പരാതി. കേസ് തോറ്റതിലെ നിരാശയും ഭീതിയും തന്നെ അലട്ടുന്നുവെന്നും ഹാരി തുറന്ന് പറയുന്നു. 

തങ്ങളുടെ സുരക്ഷ അച്ഛന് പ്രധാനമല്ലേ, തനിക്കെന്തെങ്കിലും പറ്റിയാൽ അത് അവരെ ബാധിക്കില്ലേ എന്ന ചോദ്യങ്ങളുമുണ്ട്. പക്ഷേ കോടതിവിധിയോട് യോജിച്ചുകൊണ്ടാണ് രാജകൊട്ടാരം പ്രസ്താവനയിറക്കിയിരുന്നു. രാജകുടുംബത്തിലേക്ക് ക്യാമറക്കണ്ണുകൾ നീളുകയാണ് പിന്നെയും. ഹാരിയുടേയും മേഗന്റെയും വിവാദ അഭിമുഖത്തിന്റെ കൊടുങ്കാറ്റിൽ നിന്നൊഴിഞ്ഞുമാറാൻ ബുദ്ധിമുട്ടിയിരുന്നു രാജകുടുംബം. അസ്വസ്ഥതയുടെ മറ്റൊരു വിത്താകും ഈ അഭിമുഖമെന്നാണ് വിലയിരുത്തൽ. യുദ്ധ വിജയദിനത്തിന്റെ എൺപതാം വാർഷികാഘോഷം അടുത്തിരിക്കുന്നു. രാജകുടുംബത്തിന്റെ സാന്നിധ്യം തന്നെയാണ് അതിലും കേന്ദ്രബിന്ദു. അതിനിടെയാണ് ഹാരിയുടെ ഇടപെടൽ.

By admin