‘പിണറായി ദ ലെജൻഡ്’; പിണറായി വിജയനെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു

തിരുവനന്തപുരം: സ്തുതിഗീതമൊരുക്കിയതിന് പിന്നാലെ  പിണറായിയെ പുകഴ്ത്തി ഡോക്യുമെന്‍ററിയും വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ  സംഘടനയാണ്  പിണറായി ദി ലജൻഡ് എന്ന പേരിൽ ലക്ഷങ്ങൾ ചെലവിട്ട് ഡോക്യുമെന്‍ററി  നിർമ്മിക്കുന്നത്. സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് നേതാവിനെ ഇതിഹാസമായി വാഴ്ചത്തി ഡോക്യുമെന്‍ററി എത്തുന്നത്. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ്. നേമം സ്വദേശിയാണ് സംവിധായകൻ. 

നേതാവിന്‍റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള  സമ്മാനമായാണ്  സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസസിയേഷൻ  ഡോക്യുമെന്‍ററി ഒരുക്കുന്നത്. നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ കേ‌ൾപ്പിക്കാൻ തയ്യാറാക്കിയ വാഴ്ചത്ത് പാട്ട് വിവാദമായിരുന്നു . 

വ്യക്തിപൂജ വിവാദം സിപിഎമ്മിൽ വലിയ ചർച്ചയായിരിക്കുമ്പോഴായിരുന്നു പിണറായിക്കായുള്ള വാഴ്ത്ത് പാട്ടിറക്കിയത്. സർക്കാറിന്‍റെ നാലാം വാർഷികത്തിന്‍റെ ഭാഗമായി സംഘടന നടത്തുന്ന പരിപാടിയിൽ ഡോക്യുമെന്‍ററി പുറത്തിറക്കും. ഇതിനിടെ സംഘടനയിൽ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും അനുകൂലിക്കുന്നവർ തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക് എത്തി. കൗൺസിൽ യോഗം ചേർന്ന് ജനറൽ സെക്രട്ടറി കെഎൻ  അശോക് കുമാറിനെ നീക്കിയതായി സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.  നാല്മാസമായി പരിപാടിയിൽ പങ്കെടുക്കാത്തിതിനാണ് നടപടിയെന്നായിരുന്നു വിശദീകരണം. തീരുമാനത്തിൽ പ്രതിഷേധിച്ച് അശോക് കുമാറും മറ്റ് മൂന്ന് പേരും യോഗത്തിൽ നിന്നിറങ്ങിപ്പോയി.

By admin