പാക് പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്; വിജ്ഞാപനമിറക്കി കേന്ദ്രം

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലേക്കേ‍‍‌ർപ്പെടുത്തി. നേരത്തെ തന്നെ പാകിസ്ഥാനിൽ നിന്നു വരുന്ന എല്ലാ ഇറക്കുമതികളും രാജ്യത്തിനകത്തേക്ക് കടക്കുന്നത് നിരോധിച്ചിരുന്നു. പോ‍ർട്സ്- ഷിപ്പിംഗ്- വാട്ട‍‌ർവെയ്സ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പാകിസ്ഥാൻ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നത്. 

അതേ സമയം, ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് പാകിസ്ഥാനിലെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കരുതെന്നും മന്ത്രാലയം നി‍ർദേശിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനപ്പുറത്തേക്ക് പ്രവ‍ർത്തിക്കുന്നതിന് ഇന്ത്യാ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 

ഇതിനിടെ, ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈലാണ് പരീക്ഷിച്ചത്. 450 കിലോമീറ്റർ ഇതിന് ദൂരപരിധി ഉണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിക്കുമെന്ന് സൂചന കിട്ടിയപ്പോള്‍ തന്നെ പരീക്ഷണം പ്രകോപനമായി കണക്കാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, പാക് പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നിരോധിച്ചു. ഇന്ത്യൻ കപ്പലുകൾ പാക് തീരത്തേക്ക് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇതിനായുള്ള ഉത്തരവിറക്കി.

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ കര-നാവിക-വ്യോമ സേനകൾ സജ്ജമാകുകയാണ്. യുദ്ധസാഹചര്യത്തിൽ റണ്‍വേയ്ക്ക് പകരം എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധന യുപിയിലെ ഗംഗ അതിവേഗ പാതിയിൽ വ്യോമസേന പൂർത്തിയാക്കി. ഗംഗാ അതിവേഗപാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ആഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്-30 , മിഗ്-29, ജാഗ്വാർ, എഎൻ-32 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, സി-130ജെ സൂപ്പർ ഹെർക്കുലീസ് അടക്കം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. രാത്രി ലാൻഡിംഗും വിജയകരമായി പൂർത്തിയാക്കി. അതേസമയം, അതിർത്തി പ്രദേശങ്ങളോട് ചേർന്ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നീരീക്ഷണവും തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin