പാകിസ്ഥാനിൽ പോയി ചാവേറായി പൊട്ടിത്തെറിക്കാനും തയ്യാർ- കോൺ​ഗ്രസ് മന്ത്രി

ബെംഗളൂരു: പാകിസ്ഥാനിൽ പോയി ചാവേർ ആക്രമണത്തിന് തയ്യാറാണെന്ന് കർണാടക മന്ത്രി ബി സെഡ് സമൂർ അഹമ്മദ് ഖാൻ. ബോംബ് ധരിച്ച് പാകിസ്ഥാനിൽ പോയി ചാവേറാകാൻ തയ്യാറാണെന്നും ഇന്ത്യക്ക് പാകിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ടി വന്നാൽ താൻ പോരാടാൻ തയ്യാറാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. നമ്മൾ‌ ഇന്ത്യക്കാരാണ്, ഹിന്ദുസ്ഥാനികളാണ്. ഞങ്ങളും പാകിസ്ഥാനും തമ്മിൽ ഒരു ബന്ധവുമില്ല. അവർക്കെതിരെ യുദ്ധം ചെയ്യേണ്ടി വന്നാൽ, ഞാൻ പോരാടാൻ തയ്യാറാണ്- അദ്ദേഹം വ്യക്തമാക്കി.

കർണാടക മന്ത്രിസഭയിൽ ഭവന, വഖഫ്, ന്യൂനപക്ഷകാര്യ മന്ത്രിയാണ് സമീർഖാൻ. മന്ത്രി എന്ന നിലയിൽ, അവർ എന്നെ അയച്ചാൽ, ഞാൻ മുൻനിരയിലുണ്ടാകും. ആവശ്യമെങ്കിൽ, ഞാൻ ചാവേർ ബോംബ് ധരിക്കും. ഞാൻ തമാശ പറയുകയോ ആവേശത്തോടെ പറയുന്നതോ അല്ല. രാജ്യത്തിന് എന്നെ ആവശ്യമുണ്ടെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എനിക്ക് ഒരു ചാവേർ ബോംബ് തരട്ടെ, ഞാൻ ധരിച്ച് പാകിസ്ഥാനിലേക്ക് പോകുമെന്നും മുഷ്ടി ചുരുട്ടി മന്ത്രി പറഞ്ഞു.

പാകിസ്ഥാനുമായുള്ള യുദ്ധത്തെ അനുകൂലിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.  

By admin