പഹൽഗാം ഭീകരർ വിമാനത്തില്‍ ഉണ്ടെന്ന് സംശയം; ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന
ചെന്നൈ: പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന സംശയത്തില്‍ ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന. 6 ഭീകരർ ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊളംബോ വിമാനത്താവളത്തിൽ വിശദമായ പരിശോധന നടത്തിയത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് വിമാന കമ്പനി അറിയിച്ചു. ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന.
അതേസമയം, ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെ പ്രത്യേക പരിശോധന കാരണം സിംഗപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്ത തങ്ങളുടെ വിമാനം വൈകുമെന്ന് എയർലൈൻസ് അറിയിച്ചു. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനം സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതായി എയർലൈൻ അറിയിച്ചു. ഇന്ത്യൻ അധികൃതരുടെ അറിയിപ്പിനെത്തുടർന്നാണ് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക തെരച്ചിൽ നടത്തിയത്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേർ ചെന്നൈയിൽ നിന്ന് വിമാനത്തിൽ ഉണ്ടായിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ കര-നാവിക-വ്യോമ സേനകൾ സജ്ജമാകുകയാണ്. യുദ്ധസാഹചര്യത്തിൽ റണ്‍വേയ്ക്ക് പകരം എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധന യുപിയിലെ ഗംഗ അതിവേഗ പാതിയിൽ വ്യോമസേന പൂർത്തിയാക്കി. ഗംഗാ അതിവേഗപാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ആഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്-30 , മിഗ്-29, ജാഗ്വാർ, എഎൻ-32 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, സി-130ജെ സൂപ്പർ ഹെർക്കുലീസ് അടക്കം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. അതിർത്തി പ്രദേശങ്ങളോട് ചേർന്ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നീരീക്ഷണവും തുടരുകയാണ്. വനമേഖകളിലടക്കം കർശനപരിശോധന തുടരുന്നതിനൊപ്പം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെയും അതീവജാഗ്രതയിലാണ് സൈന്യം.