നസീറയുടെ മരണം: മെഡിക്കൽ കോളേജിലെ തീപിടിത്തത്തെ തുടർന്ന് ചികിത്സ വൈകിയെന്ന് സഹോദരൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മേപ്പാടി സ്വദേശി നസീറ മരിച്ചതിൽ ആരോപണവുമായി സഹോദരൻ. വെന്റിലേറ്ററിൽ നിന്നും മാറ്റിയതു മൂലമാണ് സഹോദരി മരിച്ചതെന്നും ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സഹോദരൻ യൂസഫലി ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് അത്യാഹിത ഘട്ടത്തിൽ പുറത്തിറങ്ങാനുള്ള എമർജൻസി വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ ചവിട്ടി തുറന്നാണ് നസീറയെ പുറത്ത് എത്തിച്ചത്. ഐസിയുവിൽ നിന്ന് മാറ്റിയ ശേഷം അര മണിക്കൂർ നേരം കഴിഞ്ഞാണ് ചികിത്സ കിട്ടിയത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായി. പിന്നാലെ ആശുപത്രിയിൽ വെച്ച് നസീറ മരിച്ചെന്നും യൂസഫലി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വിഷം കഴിച്ച് അത്യാസന്ന നിലയിലാണ് നസീറയെ മെഡിക്കൽ കോളേജിലെത്തിച്ചതെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ അഞ്ച് പേരാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, കൊയിലാണ്ടി സ്വദേശിയായ രോഗിയുമാണ് മരിച്ചത്. നസീറയുടെയടക്കം രണ്ട് പേരുടെ പോസ്റ്റ്മോർട്ടമാണ് ഇന്ന് നടക്കുക. പുക ശ്വസിച്ചാണ് മരണമെന്ന് ആരോപിച്ച ടി സിദ്ധിഖ് എംഎൽഎ, വിവാദമുണ്ടാക്കുകയല്ല തൻ്റെ ലക്ഷ്യമെന്നും അപകട സമയത്ത് താനും സ്ഥലത്തുണ്ടായിരുന്നുവെന്നും പറഞ്ഞു. എന്നാൽ എംഎൽഎയുടെ ആരോപണം തള്ളി രംഗത്ത് വന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മരിച്ചവ‍ർ വിവിധ കാരണങ്ങളാൽ അത്യാസന്ന നിലയിലായിരുന്നുവെന്നും ഒരു രോഗി ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു എന്നുമാണ് പറഞ്ഞത്.

By admin