ആലപ്പുഴ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ കമ്മീഷനിങ് വേദിയിലിരുന്നതിനെ വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടി നൽകിയിരിക്കുകയാണ് ശോഭാ സുരേന്ദ്രൻ. നട്ടെല്ലുള്ള നേതാവാണ് ഞങ്ങളുടേത്, കാര്യങ്ങൾ പറയുന്നത് പോലെ പറയാൻ അറിയുന്ന നേതാവ്. അദ്ദേഹം പ്രസംഗിക്കാൻ വന്നതല്ല. പ്രവർത്തിക്കാൻ വന്നതാണ്. തീരുമാനിക്കേണ്ടവർ തീരുമാനിച്ചത് കൊണ്ടാണ് അദ്ദേഹം വേദിയിലിരുന്നത് എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വിഴിഞ്ഞം വേദിയിലെ വിവാദങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മറുപടി നൽകി. മുഹമ്മദ് റിയാസിനെ പരോഷമായി പരിഹസിച്ച് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ മാറ്റം വരുത്താൻ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടേ ഞാൻ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഴിഞ്ഞം ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രോജക്റ്റാണ്. ചില രാജവംശത്തിലെ മരുമകന് ചില പ്രശ്നങ്ങളുണ്ട്. വേദിയില്‍ നേരത്തെ വന്നത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമായി. മരുമകൻ ഡോക്ടറെ കാണട്ടെ എന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. സിപിഎമ്മുകാര്‍ മുഴുവൻ ട്രോളുകയാണ്. വിഴിഞ്ഞം തുറമുഖം സാക്ഷാൽക്കരിക്കാൻ കാരണം നരേന്ദ്രമോദിയാണ്. അവര്‍ക്ക് ഇനി എന്തുമാത്രം സങ്കടപ്പെടാൻ ഇരിക്കുന്നു. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ. ഈ ട്രെയിൻ വിട്ടു കഴിഞ്ഞു. ആർക്ക് വേണമെങ്കിലും ട്രെയിനിൽ കയറാം. മരുമകന് വേണമെങ്കിലും ഈ ട്രെയിനിൽ കയറാമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. താൻ നേരത്തെ വേദിയില്‍ എത്തിയതാണ് ചിലർക്ക് വിഷമം. പ്രവർത്തകർ നേരത്തെ വരും. അവരെ കാണാനാണ് താൻ നേരത്തെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.