ചെന്നൈ-ബെംഗളൂരു പോരിന് മഴഭീഷണി; കളി ഉപേക്ഷിച്ചാല്‍ ടീമുകളുടെ പ്ലേ ഓഫ് സാധ്യത എങ്ങനെ?

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പ‍ര്‍ കിംഗ്‌സിനെ നേരിടാൻ ഇറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ലക്ഷ്യം പ്ലേ ഓഫിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുക എന്നതായിരിക്കും. ജയം ബെംഗളൂരുവിനെ പോയിന്റ് പട്ടികയുടെ തലപ്പത്തേക്കും എത്തിക്കും. എന്നാല്‍, ബെംഗളൂരുവിന്റെ മോഹങ്ങള്‍ക്ക് മുകളില്‍ കാര്‍മേഘം പരന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നത്തെ മത്സരത്തേയും ബാധിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് വൈകുന്നേരം ബെംഗളൂരുവില്‍ കനത്ത ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മോശം കാലാവസ്ഥ ഇരുടീമുകളുടേയും പരിശീലനത്തേയും ബാധിച്ചിരുന്നു. മൂന്ന് മണിക്ക് പരിശീലനം ആരംഭിച്ച ചെന്നൈ ടീമിന് 45 മിനുറ്റ് മാത്രമാണ് മൈതാനത്ത് തുടരാനായത്. പിന്നീട് നാലരയ്ക്ക് ശേഷമാണ് താരങ്ങള്‍ പരിശീലനം തുടര്‍ന്നത്.

അഞ്ച് മണിയോടെയായിരുന്നു ബെംഗളൂരു താരങ്ങള്‍ ചിന്നസ്വാമിയിലെത്തിയത്. വിരാട് കോലിയും ദേവദത്ത് പടിക്കലും 45 മിനിറ്റോളം നെറ്റ്സില്‍ ബാറ്റിങ് പരിശീലനം നടത്തി. ശേഷം മഴ പെയ്തതോടെ മൈതാനം വിടേണ്ടതായി വന്നു.

മൂന്ന് മണിക്കൂറോളമായിരുന്നു രണ്ടാമത് മഴ എത്തിയപ്പോള്‍ തുടര്‍ന്നത്. ഇതോടെ ബെംഗളൂരുവിന്റെ പരിശീലനം ഉപേക്ഷിക്കുകയും ചെയ്തു. വൈകുന്നേരം മുഴുവൻ സമയവും ഇടിമിന്നലോടുകൂടിയ മഴയായിരുന്നു ബെംഗളൂരുവില്‍.

ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ചെന്നൈയെ സംബന്ധിച്ചടത്തോളം മത്സരം നിര്‍ണായകമല്ല. പത്ത് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ചെന്നൈ പട്ടികയില്‍ അവസാന സ്ഥാനത്താണ്. എന്നാല്‍, ബെംഗളൂരുവിന് വിജയിക്കാനായാല്‍ 16 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാൻ സാധിക്കും. നിലവില്‍ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. പത്ത് കളികളില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് രജത് പാട്ടിദാറിനും സംഘത്തിനുമുള്ളത്.

മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിക്കും. ഇതോടെ 15 പോയിന്റുമായി ബെംഗളൂരുവിന് ഒന്നാം സ്ഥാനത്തേക്ക് എത്താനാകും. മുംബൈ രണ്ടാം സ്ഥാനത്തേക്കും ഗുജറാത്ത് മൂന്നാം സ്ഥാനത്തേക്കും തഴയപ്പെടും. പഞ്ചാബിനും ഡല്‍ഹിക്കും നാല്, അഞ്ച് സ്ഥാനങ്ങളില്‍ തുടരാനുമാകും.

സീസണിലെ ബെംഗളൂരു പഞ്ചാബ് മത്സരവും മഴമൂലം തടസപ്പെട്ടിരുന്നു. 14 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്.

സീസണില്‍ ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരുവിനൊപ്പമായിരുന്നു ജയം. 50 റണ്‍സിന്റെ തകര്‍പ്പൻ ജയമാണ് ബെംഗളൂരു നേടിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ 2008ന് ശേഷം ആദ്യമായി വിജയിക്കാനും ബെംഗളൂരുവിന് സാധിച്ചു.

By admin