ചിന്നസ്വാമിയിൽ സിക്സര്‍ പെരുമഴ; ചെന്നൈയെ പഞ്ഞിക്കിട്ട് ബെംഗളൂരു

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കൂറ്റൻ സ്കോര്‍. നിശ്ചിത 20 ഓവറിൽ ബെംഗളൂരു 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. 62 റൺസ് നേടിയ വിരാട് കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറര്‍. 

പവര്‍ പ്ലേയിൽ അത്യുഗ്രൻ പ്രകടനമാണ് ഓപ്പണര്‍മാരായ വിരാട് കോലിയും ജേക്കബ് ബെതേലും ബെംഗളൂരുവിന് നൽകിയത്. 6 ഓവര്‍ പൂര്‍ത്തിയായപ്പോൾ ആര്‍സിബി വിക്കറ്റ് നഷ്ടമില്ലാതെ 71 റൺസ് എന്ന നിലയിലായിരുന്നു. 8-ാം ഓവറിന്റെ രണ്ടാം പന്തിൽ ബെതേൽ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 28 പന്തുകളിൽ നിന്നായിരുന്നു ബെതേൽ അര്‍ദ്ധ സെഞ്ച്വറി നേടിയത്. എന്നാൽ, തൊട്ടടുത്ത ഓവറിൽ മതീഷ പതിരണയെ പന്തേൽപ്പിച്ച നായകൻ ധോണിയുടെ തന്ത്രം ഫലിച്ചു. 33 പന്തിൽ 55 റൺസ് നേടിയ ബെതേലിനെ ഡെവാൾഡ് ബ്രെവിസ് തകര്‍പ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ഒന്നാം വിക്കറ്റിൽ ബെതേലും കോലിയും ചേര്‍ന്ന് 97 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 

10.1 ഓവറിൽ ടീം സ്കോര്‍ 100 കടന്നു. പിന്നാലെ 29 പന്തിൽ നിന്ന് കോലി അര്‍ദ്ധ സെഞ്ച്വറിയും തികച്ചതോടെ ചെന്നൈ അപകടം മണത്തു. 12-ാം ഓവറിന്റെ അവസാന പന്തിൽ സാം കറൻ കോലിയെ മടക്കിയയച്ചു. 33 പന്തിൽ 62 റൺസ് നേടിയാണ് കോലി മടങ്ങിയത്. ദേവ്ദത്ത് പടിക്കലിനും (17) ജിതേഷ് ശര്‍മ്മയ്ക്കും (7) നായകൻ രജിത് പാട്ടീദാറിനും (11) പിടിച്ചുനിൽക്കാനാകാതെ വന്നതോടെ ആര്‍സിബിയുടെ സ്കോറിംഗിന്റെ വേഗം കുറഞ്ഞു. 18 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ആര്‍സിബി 5ന് 159 റൺസ് എന്ന നിലയിലായിരുന്നു.

19-ാം ഓവറിൽ ഖലീൽ അഹമ്മദിനെ പഞ്ഞിക്കിട്ട് റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ സ്കോര്‍ ഉയര്‍ത്തി. നാല് സിക്സറുകളും രണ്ട് സിക്സറുകളും സഹിതം ഈ ഓവറിൽ 33 റൺസാണ് ഷെപ്പേര്‍ഡ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തിയ ഷെപ്പേര്‍ഡ് 14 പന്തിൽ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ ആര്‍സിബിയുടെ സ്കോര്‍ 200 കടന്ന് കുതിക്കുകയായിരുന്നു. 

By admin