കെപിസിസി പ്രസിഡന്റ്: ഏത് തീരുമാനവും അംഗീകരിക്കുമെന്ന് സുധാകരന്‍, ഫോട്ടോ കണ്ടാല്‍ മനസിലാവണമെന്ന് മുരളീധരൻ
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വിട്ട് കോൺഗ്രസ്. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ആന്‍റോ ആന്‍റണിയുടെ പേര് സജീവമായിരിക്കേ ഫോട്ടോ കണ്ടാല്‍ മനസിലാകുന്നയാളെ പ്രസിഡന്‍റാക്കണമെന്ന് കെ മുരളീധരന്‍ ഒളിയമ്പെയ്തു.
ദില്ലിയില്‍ മല്ലികാര്‍ജ്ജുന്‍ഖര്‍ഗയേയും രാഹുല്‍ഗാന്ധിയേേയും കെ സുധാകരന്‍ കണ്ടതിന് പിന്നാലെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. സുധാകരനെ ദില്ലിക്ക് വിളിപ്പിച്ച് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് നിന്ന് ലഭിച്ച പരാതികളിലാണ് ചര്‍ച്ച നടന്നത്. പാര്‍ട്ടിയുടെ നില പരുങ്ങലിലാണെന്ന പരാതി രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്നു. തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യചത്തില്‍ സംഘടന സംവിധാനം ശക്തമാക്കണമെന്ന നിര്‍ദ്ദേശം സുധാകരന് നല്‍കി. ദേശീയ തലത്തില്‍ പുനസംഘടന നടക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും മാറ്റങ്ങളുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നേതൃമാറ്റത്തെ കുറിച്ച് തന്നോട് സൂചിപ്പിച്ചിട്ടില്ലെന്നാണ് കെ സുധാകരന്‍റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റമുണ്ടാകുമെന്നാണ് സൂചന. സുധാകരരനെ മാറ്റിയാല്‍ ആന്‍റോ ആന്‍റണി എംപിക്കാകും സാധ്യത കൂടുതല്‍. ആന്‍റോക്ക് പ്രിയങ്ക ഗാന്ധിയുടെയും പിന്തുണയുണ്ട്. സുധാകരനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് നിലപാടെടുത്ത കെ മുരളീധരന്‍ ആന്‍റോ ആന്‍റണിയുടെ സാധ്യതയില്‍ പ്രതികരിക്കുകയും ചെയ്തു. ഫോട്ടോ കണ്ടാല്‍ മനസിലാകുന്നയാളെ പ്രസിഡന്‍റാക്കണമെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം. സണ്ണി ജോസഫിന്‍റെ പേരും നേതൃത്വത്തിന് മുന്നിലുണ്ട്. മലബാറില്‍ നിന്നുള്ള സഭാ നേതൃത്വം സണ്ണിക്കായി വാദിക്കുന്നുണ്ട്. തിങ്കളാഴ്ച നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന.
അഭിഭാഷകന്റെ മൃതശരീരം റോഡരികിൽ; ജയിലിൽ പോയി മടങ്ങി വരുന്നതിനിടെ കൊല, കാറ് തകർത്ത നിലയിൽ