കനത്ത മഴയിൽ കൂറ്റൻ പരസ്യബോർഡ് കാറിന് മുകളിലേക്ക് മറിഞ്ഞുവീണു; വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി
ബംഗളുരു: കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് സംഭവിച്ച വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബംഗളുരു സ്വദേശികളായ ദമ്പതികൾ. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കൂറ്റൻ പരസ്യ ബോർഡ് കാറിന് മുകളിലേക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡിന് 10 ടണ്ണിലധികം ഭാരമുണ്ടായിരുന്നു. വീടിനടുത്ത് എത്തിയിരുന്നതിനാലും മഴയിൽ കാഴ്ച ദുഷ്കരമായിരുന്നതിനാലും വേഗത കുറച്ചാണ് വാഹനം മുന്നോട്ട് നീങ്ങിയിരുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 7.30ന് ബൊമ്മനഹള്ളിക്ക് സമീപമായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 41കാരൻ സലിൽ കുമാർ, ഐ.ടി ജീവനക്കാരിയായ ഭാര്യ അർച്ചനയ്ക്കൊപ്പം തന്റെ മഹീന്ദ്ര എക്സ്യുവി 700 കാറിൽ കെ.ആർ പുരയിൽ നിന്ന് ഫ്ലാറ്റിലേക്ക് മടങ്ങിവരികയായിരുന്നു. അപ്പാർട്ട്മെന്റിന് അടുത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് കൂറ്റൻ പരസ്യബോർഡ് മഴയിലും കാറ്റിലും ഇളകി കാറിന് മുകളിലേക്ക് വന്നുവീണത്. കാറിന് സാരമായ തകരാറുകൾ സംഭവിച്ചെങ്കിലും അകത്തിരുന്നവർക്ക് ഒരു പ്രശ്നവുമുണ്ടായില്ല. ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തങ്ങളെന്ന് സലിൽ കുമാർ പിന്നീട് പറഞ്ഞു.
ഭാഗ്യം കൊണ്ടാണ് രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടതെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തോളം വലിപ്പമുള്ള പരസ്യബോർഡ് 50 അടിയോളം നീളമുള്ളതായിരുന്നു. ബോർഡ് കാറിന് മുകളിൽ പതിച്ച ശേഷം വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും മുന്നിലെ ഡോറുകൾ ജാമായി. എന്നാൽ പരിസരത്തുണ്ടായിരുന്നവരും മറ്റ് വാഹനങ്ങളിൽ വന്നവരുമൊക്കെ ഓടിയെത്തിയാണ് പിന്നിലെ ഡോറുകളിലൂടെ തങ്ങളെ പുറത്തിറക്കിയതെന്ന് സലിൽ കുമാർ പറഞ്ഞു. കാറിന് സാരമായ തകരാറുകൾ സംഭവിച്ചതായി മഹീന്ദ്ര സർവീസ് സെന്റർ ജീവനക്കാർ അറിയിച്ചു.
ഏതാനും വർഷം മുമ്പ് നഗരത്തിലെ റോഡരികിൽ സ്ഥാപിച്ച പരസ്യ ബോർഡ് അനുമതിയില്ലാതെയാണ് വെച്ചതെന്ന് അധികൃതർ പിന്നീട് പറഞ്ഞു. അപകട ശേഷം ഏറെ പണിപ്പെട്ട് രാത്രി ഒൻപത് മണിയോടെയാണ് പൊലീസിന് റോഡിലെ ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്. ബോർഡിന്റെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് റോഡുകളുടെ ചുമതലയുള്ള കർണാടക റോഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് അറിയിച്ചു.