ഒറ്റ ഡിജിറ്റ് നമ്പർ പ്ലേറ്റിന് ചെലവിട്ടത് 76 കോടി, ക്രിമിനൽ കേസിൽ പിടിവീണു; ഇന്ത്യൻ ശതകോടീശ്വരന് ദുബൈയിൽ തടവ്

ദുബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യന്‍ വ്യവസായിക്ക് ദുബൈയില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. അബു സബാ എന്ന് അറിയപ്പെടുന്ന വ്യവസായി ബല്‍വീന്ദര്‍ സിങ് സഹ്നിയെയാണ് കോടതി ശിക്ഷിച്ചത്. 

ഇയാളില്‍ നിന്ന് 15 കോടി ദിര്‍ഹം കണ്ടുകെട്ടാനും അഞ്ച് ലക്ഷം ദിര്‍ഹം പിഴ ചുമത്താനും ദുബൈയിലെ ഫോര്‍ത്ത് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സഹ്നിയെ നാടുകടത്താനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 2024 ഡിസംബര്‍ 18നാണ് ബര്‍ ദുബൈ പൊലീസ് സ്റ്റേഷനില്‍ നിന്ന് സഹ്നി ഉള്‍പ്പെട്ട കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. സഹ്നിയുടെ മകനടക്കം 33 പേരാണ് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്. ജനുവരി ഒമ്പതിനാണ് ആദ്യ വിചാരണ നടന്നത്. 

ഷെല്‍ കമ്പനികളും സംശയകരമായ സാമ്പത്തിക ഇടപാടുകളും നടത്തിയ പ്രതികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖല പ്രവര്‍ത്തിപ്പിച്ചിരുന്നതായി കോടതി നിരീക്ഷിച്ചു. യുഎഇയിലും വിദേശത്തും ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകളും ബിസിനസ് ബന്ധങ്ങളും ഉണ്ടായിരുന്നതായി അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിലൂടെ നേടിയതെന്ന് കരുതുന്ന 15 കോടി ദിര്‍ഹം സഹ്നിയില്‍ നിന്ന് പിടിച്ചെടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പുറമെ കേസുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, രേഖകള്‍ എന്നിവ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ കൂടുതല്‍ പേര്‍ക്കും ഒരു വര്‍ഷത്തെ തടവുശിക്ഷയും 200,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് കമ്പനികള്‍ക്ക് അഞ്ച് കോടി ദിര്‍ഹം പിഴയും വിധിച്ചു. ഇവയുടെ നിയന്ത്രണത്തിലുള്ള അനധികൃത സ്വത്ത് കണ്ടെത്താനും കോടതി വിധിച്ചു. 

Read Also –  യാത്രയ്ക്ക് 14 ദിവസം മുമ്പ് വരെ ഓണ്‍ലൈനായി ചെക്ക് ഇന്‍; എവിസി സൗകര്യമൊരുക്കി എയർലൈൻ

യുഎഇ, യുഎസ്, ഇന്ത്യ, മറ്റ് രാജ്യങ്ങളില്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രോപര്‍ട്ടി മാനേജ്മെന്‍റ് സ്ഥാപനത്തിന്‍റെ സ്ഥാപകനാണ് സഹ്നി. കോടികളുടെ നിക്ഷേപങ്ങളും ആഢംബര ജീവിതവും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ വ്യവസായിയാണ് സഹ്നി. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്കായി നടത്തിയ പ്രത്യേക ലേലത്തില്‍ ഒറ്റ ഡിജിറ്റ് നമ്പര്‍ പ്ലേറ്റ് ലഭിക്കുന്നതിനായി വന്‍ തുക മുടക്കിയതോടെയാണ് സഹ്നി പൊതുജന ശ്രദ്ധ നേടുന്നത്. 2016ല്‍ D5 എന്ന കാര്‍ നമ്പര്‍ പ്ലേറ്റ് 3.3 കോടി ദിര്‍ഹം (76 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് സഹ്നി ചെലവാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin