മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുടരുവിന്റെ സക്സസ് ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന രംഗങ്ങളെയും കഥാപാത്രങ്ങളേയും ഉൾക്കൊള്ളിച്ചുള്ള ട്രെയിലർ ആരാധകർ ഇതിനകം ആഘോഷമാക്കി കഴിഞ്ഞു. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ കത്തിക്കയറിയ തുടരുവിന് ലഭിക്കുന്ന മികച്ച മൗത്ത് പബ്ലിസിറ്റി എടുത്തു പറയേണ്ടുന്നതാണ്. സമീപ കാലത്ത് ഇത്തരമൊരു പബ്ലസിറ്റി ഏതെങ്കിലുമൊരു സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്.
2025 ഏപ്രിൽ 25ന് ആയിരുന്നു തരുൺ മൂർത്തിയുടെ സംവിധാനത്തിൽ തുടരും റിലീസ് ചെയ്തത്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം തിയറ്ററുകളിൽ പ്രേക്ഷകരെ നിരാശരാക്കിയില്ല. സാധരണയിൽ സാധാരണക്കാരനായി മോഹൻലാൽ എത്തിയ ചിത്രം അവർ ഒന്നടങ്കം ഏറ്റെടുത്തു. ഒടുവിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിലും ഇടംനേടാൻ ചിത്രത്തിന് സാധിച്ചു.
കേരളത്തിന് അകത്തും പുറത്തും മികച്ച ബുക്കിങ്ങാണ് നിലവിൽ തുടരുവിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയ മലയാള സിനിമകളുടെ ലിസ്റ്റിൽ ആറാം സ്ഥാനത്ത് ആയിരുന്നു തുടരും. വെറും ആറ് ദിവസത്തെ കണക്കായിരുന്നു ഇത്. വരും ദിവസങ്ങളിൽ പ്രേമലു, ആടുജീവിതം, ആവേശം, എമ്പുരാൻ അടക്കമുള്ള സിനിമകളെ തുടരും വീഴ്ത്തുമെന്നാണ് വിലയിരുത്തലുകൾ. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തിയ ചിത്രത്തിൽ ശോഭനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
അതേസമയം, എമ്പുരാന്‍ ആയിരുന്നു തുടരുവിന് മുന്‍പ് മോഹന്‍ലാലിന്‍റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 335 കോടിയോടെ ഇന്‍റസ്ട്രി ഹിറ്റായി മാറിയിരുന്നു. ഈ വിജയത്തുടര്‍ച്ച തുടരുവിലും മോഹന്‍ലാല്‍ നടത്തിയിരിക്കുകയാണ്.