ഒന്നാം തീയതി വരെ സ്റ്റോക്ക് ചെയ്യും, സ്കൂട്ടറിലും ഓട്ടോറിക്ഷയിലും കറങ്ങി വിൽപ്പന: മദ്യവും വാഹനവുമടക്കം പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേർ വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റിലായി. തിരുവനന്തപുരം ഐരാണിമുട്ടത്ത് അനധികൃതമായ വിൽപ്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രദോഷ് കുമാർ (46) എന്നയാളാണ് മദ്യവുമായി പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പി.ലോറൻസ്ന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഇത് കൂടാതെ മലയോര മേഖലകളിൽ ഡ്രൈഡേ ദിനത്തിൽ മദ്യം വിൽപ്പന നടത്തുന്നയാളെയും എക്സൈസ് പിടികൂടി. വെള്ളനാട്, അരുവിക്കര, ഉഴമലയ്ക്കൽ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിവന്നയാളെ ഉഴമലയ്ക്കൽ വട്ടപ്പാറവിള സ്വദേശി അനിയെ (48) ആണ് ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.
അനിയുടെ പക്കൽ നിന്നും 20 കുപ്പി മദ്യവും, മദ്യവില്പന നടത്തിക്കിട്ടിയ 4900 രൂപയും മദ്യവില്പന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. ഡ്രൈഡേയുടെ ഭാഗമായുള്ള പ്രത്യേക പരിശോധനയ്ക്കിടെയാണ് അനി പിടിയിലായത്. ഒന്നാം തീയതി വൈകീട്ട് അഞ്ചരയോടെ കൂവക്കുടി പാലത്തിനു സമീപം ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തുന്നതിനിടെയാണു ഇയാൾ പിടിയിലായത്.