ഊട്ടിയും മണാലിയുമൊക്കെ മാറ്റിപ്പിടിച്ചാലോ? കിടിലൻ സ്പോട്ട് വേറെയുണ്ട്; കാഴ്ചകളുടെ പറുദീസയൊരുക്കി ധരംശാല

യാത്രകൾ പലര്‍ക്കും ഒരു ലഹരിയാണ്. ദീര്‍ഘദൂര യാത്രകൾക്കും സാഹസിക യാത്രകൾക്കുമെല്ലാം ഇന്ന് ആരാധകര്‍ ഏറിവരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഊട്ടി, കൊടൈക്കനാൽ, മൂന്നാര്‍, കുളുമണാലി തുടങ്ങി ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമായി നിരവധി മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്നാൽ, ഇവിടങ്ങളിലെല്ലാം തിരക്ക് ഏറിവരികയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മറ്റ് ചില അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിഗണിക്കുന്നതാണ് നല്ലത്. അത്തരത്തിൽ ഒന്നാണ് ഹിമാചൽ പ്രദേശിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ധരംശാല. 

ശാന്തതയും സമാധാനവും പ്രകൃതി ഭംഗിയും ആഗ്രഹിക്കുന്നവര്‍ക്ക് ധരംശാല അനുയോജ്യമായ ഒരു സ്പോട്ടാണ്. ആത്മീയ യാത്ര ആഗ്രഹിക്കുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന നിരവധി അക്ടിവിറ്റികൾ ധരംശാലയിലുണ്ട്. ഹിമാലയത്തിന്റെ താഴ്‌വരകളിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ധരംശാല. ശാന്തമായ ഭൂപ്രകൃതിയും സമ്പന്നമായ സംസ്കാരവും നിരവധി വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ആത്മീയ പ്രാധാന്യവും അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളുമാണ് ധരംശാലയെ വ്യത്യസ്തമാക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തിന് പോലും വർണ്ണനകൾക്ക് അതീതമായ മനോഹാരിതയുണ്ട്. സഞ്ചാരികളെ ധരംശാലയിലേയ്ക്ക് ആകർഷിക്കുന്ന 5 പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം

ധൗലാധർ പർവതനിരകളിലെ പച്ചപ്പിനും മഞ്ഞുമൂടിയ കൊടുമുടികൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ധരംശാല പ്രകൃതിസ്‌നേഹികളുടെ പറുദീസയാണ്. മക്ലിയോഡ് ഗഞ്ചിനടുത്തുള്ള ട്രെക്കിംഗ് സ്പോട്ടാണ് ട്രയുണ്ട്. കാംഗ്ര താഴ്‌വരയുടെയും ധൗലാധർ പർവതങ്ങളുടെയും മനോഹരമായ കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാം. അതുപോലെ മക്ലിയോഡ് ഗഞ്ചിൽ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഭഗ്‌സു വെള്ളച്ചാട്ടം സഞ്ചാരികൾക്ക് വിശ്രമിക്കാനും അടിച്ചുപൊളിക്കാനുമെല്ലാം അനുയോജ്യമാണ്. പ്രകൃതിയിൽ അലിഞ്ഞ് കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ധൈര്യമായി ഇവിടേയ്ക്ക് കയറിച്ചെല്ലാം. 

2. ധ്യാനവും യോ​ഗയും

സമാധാനപരവും ആത്മീയവുമായ അന്തരീക്ഷം ധരംശാലയെ യോഗയ്ക്കും ധ്യാനങ്ങൾക്കും മറ്റ് ആത്മീയ ക്യാമ്പുകൾക്കും അനുയോജ്യമായ ഒരിടമാക്കി മാറ്റുന്നു. ധ്യാനം, യോഗ എന്നിവയെക്കുറിച്ചുള്ള കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഇന്ത്യയ്ക്ക് അകത്തുനിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി വിനോ​ദസഞ്ചാരികളാണ് ധരംശാലയിലേയ്ക്ക് എത്തുന്നത്. 

3. പുരാതന ടിബറ്റൻ കലാരീതികൾ

ധരംശാലയിൽ പെയിന്റിംഗുകൾ, മരപ്പണികൾ, ലോഹപ്പണികൾ തുടങ്ങിയ പുരാതന ടിബറ്റൻ കലാരീതികൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാരുടെ ഒരു ശക്തമായ സംഘമുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് മക്ലിയോഡ് ഗഞ്ചിന്റെ ആർട്ട് ഗാലറികളിലും വർക്ക്ഷോപ്പുകളിലും ടിബറ്റൻ കലാ രീതികളുടെ ഭം​ഗി നേരിട്ടറിയാൻ കഴിയും. തദ്ദേശീയർക്ക് അവരുടെ സൃഷ്ടികൾ അവതരിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്. 

4. സാഹസികരുടെ സ്വർഗ്ഗം

സാംസ്കാരിക പ്രാധാന്യത്തിനും ആത്മീയതയ്ക്കും പുറമേ സാഹസിക ആക്ടിവിറ്റികൾക്കും പേരുകേട്ട സ്ഥലമാണ് ധരംശാല. ധൗലാധർ പർവതനിരകളിലെ ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങി സാഹസികതയ്ക്ക് നിരവധി അവസരങ്ങൾ ഇവിടെയുണ്ട്. ട്രയുണ്ട്, ഇന്ദ്രഹാർ പാസ് എന്നിവിടങ്ങളിലേക്ക് പോകുകയും ഇവിടങ്ങളിൽ മറഞ്ഞിരിക്കുന്ന താഴ്‌വരകളും ഗ്രാമങ്ങളും പര്യവേക്ഷണം ചെയ്യുന്നതും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്. 

5. ടിബറ്റൻ ഓപ്പറ ഫെസ്റ്റിവൽ

ടിബറ്റൻ കലകളുടെയും സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും ഊർജ്ജസ്വലമായ ആഘോഷമാണ് ധരംശാലയിൽ എല്ലാ വർഷവും നടക്കുന്ന ടിബറ്റൻ ഒപ്പേറ ഫെസ്റ്റിവൽ. തിളക്കമുള്ള നിറങ്ങളിലുള്ള വസ്ത്രങ്ങൾ, മുഖംമൂടികൾ, പ്രേക്ഷകരെ ആകർഷിക്കുകയും ധരംശാലയുടെ സാംസ്കാരിക സമൃദ്ധിയെ എടുത്തുകാണിക്കുകയും ചെയ്യുന്ന ഉജ്ജ്വലമായ സംഗീതം എന്നിവ ഉൾപ്പെടുന്ന ലാമോ എന്നറിയപ്പെടുന്ന പരമ്പരാഗത പ്രകടനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

By admin