മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറിയിരിക്കുകയാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. മോഹന്‍ലാലിന്‍റെ തൊട്ടുമുന്‍പത്തെ റിലീസ് ആയ എമ്പുരാന്‍റേത് പോലെ വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രം റിലീസ് ദിനം ആദ്യ ഷോകള്‍ക്ക് ശേഷം വന്‍ മൗത്ത് പബ്ലിസിറ്റി നേടുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ എന്ത് ബോക്സ് ഓഫീസില്‍ എന്ത് സംഭവിക്കും എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായി ചിത്രം മാറി. വന്‍ ഹൈപ്പ് പടങ്ങള്‍ക്ക് റിലീസ് ദിനത്തിന് ശേഷം കളക്ഷനില്‍ ഇടിവ് വരുന്ന കാഴ്ചയാണ് സാധാരണ ഉണ്ടാവാറെങ്കില്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. കളക്ഷനില്‍ കാര്യമായ ഇടിവില്ല എന്ന് മാത്രമല്ല, റിലീസിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയേക്കാള്‍ ബുക്കിംഗ് നേടിയിരിക്കുകയാണ് രണ്ടാം ശനിയാഴ്ച.
ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം തുടരും സിനിമയുടെ കേരളത്തിലെ ഇന്നത്തെ ഷോകള്‍ക്ക് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ് തുക (രാത്രി 12 വരെയുള്ള സമയം) 3.88 കോടിയാണ്. ഇത് സിനിമ റിലീസ് ചെയ്യപ്പെട്ടതിന് ശേഷമുള്ള ആദ്യ ശനിയാഴ്ച ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ്. 3.77 കോടി ആയിരുന്നു തുടരും സിനിമയുടെ കഴിഞ്ഞ ശനിയാഴ്ചയിലെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് തുക. ഒരുപക്ഷേ ഇന്നത്തെ ഗ്രോസ് കളക്ഷനിലും ഈ അത്ഭുതം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബങ്ങള്‍ കൂട്ടത്തോടെ തിയറ്ററുകളിലേക്ക് എത്തുന്നതും വേനലവധിക്കാലമാണ് എന്നതും ചിത്രത്തിന് വലിയ പോസിറ്റീവ് ആണ്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്.