അടിയും തിരിച്ചടിയുമായി ചെന്നൈയും ബെംഗളൂരുവും; മഞ്ഞപ്പടയ്ക്ക് ഭേദപ്പെട്ട തുടക്കം
ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച തുടക്കം. 214 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍ ആയുഷ് മാത്രെയും (39) രവീന്ദ്ര ജഡേജയു(0)മാണ് ക്രീസിൽ.
സ്പിൻ ആക്രമണമാണ് ബെംഗളൂരു ആദ്യം തന്നെ പരീക്ഷിച്ചത്. ക്രുനാൽ പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ 6 റൺസ് മാത്രമാണ് പിറന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ രണ്ടാം ഓവറിൽ 5 റൺസ് മാത്രം നേടാനെ ചെന്നൈ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ. മൂന്നാം ഓവറിൽ യാഷ് ദയലിനെതിരെ 12 റൺസ് കൂടി നേടി ചെന്നൈ സ്കോര്‍ ഉയര്‍ത്തി. എന്നാൽ, ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ നാലാം ഓവറിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും പറത്തിയ ആയുഷ് മാഹ്ത്രെ 26 റൺസ് അടിച്ചുകൂട്ടി.
4.1 ഓവറിൽ ടീം സ്കോര്‍ 50 കടന്നു. എന്നാൽ, രണ്ട് പന്തുകൾക്ക് ശേഷം ഷെയ്ക് റഷീദിനെ പുറത്താക്കി ക്രുനാൽ ചെന്നൈയ്ക്ക് ആദ്യ പ്രഹരം നൽകി. പവര്‍ പ്ലേ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അവസാന മത്സരത്തിൽ അര്‍ദ്ധ സെഞ്ച്വറിയോടെ തിളങ്ങിയ സാം കറനെ ലുൻഗി എൻഗിഡി പുറത്താക്കി. 5 പന്തുകൾ നേരിട്ട കറന് 5 റൺസ് മാത്രം നേടാനെ സാധിച്ചുള്ളൂ.