അങ്ങനെയങ്ങ് പോയാലോ.., ഹേസല്‍വുഡില്‍ നിന്ന് പര്‍പ്പിള്‍ ക്യാപ്പ് തിരിച്ചുപിടിച്ച് പ്രസിദ്ധ് കൃഷ്ണ

അഹമ്മദാബാദ്: ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ പ്രസിദ്ധ് കൃഷ്ണ. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നാലോവറില്‍ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് കളിയിലെ താരമായ പ്രസിദ്ധ് 10 മത്സരങ്ങളില്‍ 19 വിക്കറ്റുമായാണ് വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിൾ ക്യാപ് തലയിലണിഞ്ഞത്. 10 കളികളില്‍ 18 വിക്കറ്റെടുത്ത ആര്‍സിബി പേസര്‍ ജോഷ് ഹേസല്‍വുഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പ്രസിദ്ധ് മുന്നിലെത്തിയത്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാല്‍ ഹേസല്‍വുഡിന് പ്രസിദ്ധിനെ മറികടന്ന് വീണ്ടും ഒന്നാമത് എത്താന്‍ അവസരമുണ്ട്.

11 മത്സരങ്ങളില്‍ 16 വിക്കറ്റെടുത്ത മുംബൈ ഇന്ത്യന്‍സ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ബോള്‍ട്ട് മൂന്നാമതെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നൂര്‍ അഹമ്മദ് ആണ് നാലാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ 15 വിക്കറ്റാണ് നൂര്‍ വീഴ്ത്തിയത്.

14 വിക്കറ്റ് വീതം വീഴ്ത്തിയ ചെന്നൈയുടെ ഖലീല്‍ അഹമ്മദും ഗുജറാത്തിന്‍റെ മുഹമ്മദ് സിറാജും ഡല്‍ഹിയുടെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളില്‍. 13 വിക്കറ്റ് വീതം വീഴ്ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വരുണ്‍ ചക്രവര്‍ത്തി, പഞ്ചാബിന്‍റെ അര്‍ഷ്ദീപ് സിംഗ്, ആര്‍സിബിയുടെ ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു താരങ്ങള്‍.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ ഇന്നലെ വീണ്ടും മുന്നിലെത്തിയിരുന്നു. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 23 പന്തില്‍ 48 റണ്‍സടിച്ച സായ് സുദര്‍ശന്‍ ഐപിഎല്‍ ഈ സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡോടെയാണ് സൂര്യകുമാര്‍ യാദവില്‍ നിന്ന് വീണ്ടും ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 10 കളികളില്‍ 50.40 ശരാശരിയിലും 154.13 സ്ട്രൈക്ക് റേറ്റിലും 504 റണ്‍സുമായാണ് സായ് വീണ്ടും ഓറ‍ഞ്ച് ക്യാപ് സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin